മുംബൈ: കൗമാര താരം വൈഭവ് സൂര്യവംശിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് വഴിയൊരുങ്ങുന്നു. ഐ.പി.എല്ലില്‍ കളിക്കുന്ന താരത്തെ ജൂണില്‍ നടക്കുന്ന അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ട്വന്റി20 ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. അജിത് അഗാര്‍ക്കര്‍ അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി വൈഭവിനെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നാണു സൂചന.
16-ാം വയസില്‍ ഇന്ത്യക്കായി ആദ്യ മത്സരം കളിച്ച മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡ് 15 വയസുകാരനായ വൈഭവ് സ്വന്തമാക്കും. 16 വര്‍ഷവും 205 ദിവസവും പ്രായമുള്ളപ്പോഴാണു സച്ചിന്‍ കന്നി രാജ്യാന്തര മത്സരം കളിക്കുന്നത്. വൈഭവിനെ കൂടാതെ ചില പുതുമുഖങ്ങളും ചുരുക്കപ്പട്ടികയിലുണ്ടെന്നാണു ബി.സി.സി.ഐ. വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജൂണ്‍ 26, 28 തീയതികളിലായി രണ്ട് ട്വന്റി20 മത്സരങ്ങളാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യ കളിക്കുക. അയര്‍ലന്‍ഡില്‍ മികച്ച പ്രകടനം കാഴ്‌ചവക്കാനായാല്‍ പിന്നാലെ നടക്കുന്ന സിംബാബ്‌വേ പര്യടനത്തിനും വൈഭവിനെ പരിഗണിക്കും. ഐ.പി.എല്‍. ചെയര്‍മാന്‍ അരുണ്‍ ധുമല്‍ വൈഭവിനെ ഏറെ പ്രശംസിച്ചിരുന്നു. 'ഈ സീസണില്‍ വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് അവിസ്‌മരണീയമാണ്. ഈ പ്രതിഭ തീര്‍ച്ചയായും ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം അര്‍ഹിക്കുന്നെന്നും അരുണ്‍ ധൂമല്‍ എക്‌സില്‍ കുറിച്ചിരുന്നു. രാജസ്‌ഥാന്‍ റോയല്‍സിന്റെ താരമായ വൈഭവ് നിലവിലെ ചാമ്പ്യന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ 26 പന്തില്‍ 78 റണ്ണെടുത്തു തകര്‍ത്തു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 17 പന്തില്‍ 52 റണ്ണെടുത്തു. മുംബൈ ഇന്ത്യന്‍സിനെതിരേ 14 പന്തില്‍ 39 റണ്ണുമായും തിളങ്ങി. വൈഭവിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താമെന്ന് മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പഠാനും അനില്‍ കുംബ്ലെയും വ്യക്‌തമാക്കി.



