
കൊല്ലം: ദേശീയപാത നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി കുഴിയെടുത്തമ്പോള് കണ്ടെത്തിയത് കോടികളുടെ മുതല്‍. ദേശീയപാതാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നീണ്ടകരയില്‍ ഓടയ്ക്കായി കുഴിയെടുത്തപ്പോള്‍ കണ്ടെത്തിയത് ധാതുസമ്പുഷ്ടമായ വന്‍തോതിലുള്ള കരിമണല്‍ ശേഖരം. ഇതേ തുടര്‍ന്ന് ഇവിടെ ഖനനാനുമതി തേടി കെഎംഎംഎല്‍ റവന്യൂവകുപ്പിനെ സമീപിച്ചു.
കൊല്ലത്ത് നീണ്ടകര മുതല്‍ ഇടപ്പള്ളിക്കോട്ട വരെയുള്ള അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ദേശീയപാതാ നിര്‍മ്മാണത്തിനായി ഓടയ്ക്ക് കുഴിയെടുത്തപ്പോഴാണ് കരിമണല്‍ കണ്ടെത്തിയത്. ഇപ്പോള്‍ കുഴിക്കുന്ന ഭാഗത്ത് നിന്ന് മാത്രം രണ്ട് കോടിയുടെ കരിമണല്‍ശേഖരം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. 83 ഏക്കറില്‍ ഖനനം നടത്തുന്നതിനുള്ള അനുമതിയാണ് കെഎംഎംഎല്‍ തേടിയിരിക്കുന്നത്.
ഓടയും കലുങ്കും നിര്‍മ്മിക്കുന്ന ഭാഗത്തെ കരിമണല്‍ മാത്രമായിരിക്കും ഇപ്പോള്‍ എടുക്കുക. എന്നാല്‍ ആറുവരിപ്പാത നിര്‍മ്മിക്കുമ്പോള്‍ വന്‍തോതില്‍ കരിമണല്‍ ശേഖരണത്തിന് സാധ്യതയുണ്ട്. കരിമണലില്‍ നിന്നും ഇല്‍മനൈറ്റ്, സിര്‍ക്കോണ്‍, സിലിമനേറ്റ് എന്നിവയാണ് കെ.എം.എം.എല്‍ വേര്‍തിരിച്ചെടുക്കുന്നത്. മോണോസൈറ്റ് വേര്‍തിരിച്ചെടുക്കുന്ന ഐഐആര്ഇ യ്ക്കു നല്‍കും.
കരിമണല്‍ ഏറ്റെടുത്ത് ദേശീയപാതാ നിര്‍മ്മാണത്തിന് കരാര്‍ ഏറ്റെടുത്തിരിക്കുന്ന കമ്പനിക്ക് പകരം വെള്ളമണല്‍ നല്‍കും. കരിമണല്‍ ഖനനത്തിനായി കെഎംഎംഎല്‍ വേര്‍തിരിച്ചിരിക്കുന്ന ബ്ളോക്കിനോട് ചേര്‍ന്നാണ് പുതിയ കരിമണല്‍ ശേഖരം കണ്ടെത്തിയിരിക്കുന്നത്.






