
ഇന്ത്യന്‍ ടെന്നീസിലെ ഇതിഹാസതാരം സാനിയാ മിര്‍സ കളി മതിയാക്കുന്നു. അടുത്ത മാസം ദുബായില്‍ നടക്കുന്ന ഡബ്ള്യൂടിഎ 1000 താരത്തിന്റെ അവസാന ടൂര്‍ണമെന്റാകും. ആറു തവണ ഗ്രാന്റ്സ്ളാം ഡബിള്‍സ് കിരീടം നേടിയിട്ടുള്ള മുന്‍ ഒന്നാം നമ്പര്‍ താരം അവസാനം പങ്കെടുക്കുന്ന ഗ്രാന്റ്സ്ളാം ടൂര്‍ണമെന്റ് ജനുവരി 16 ന് ആരംഭിക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണാണ്.
വേള്‍ഡ് ടെന്നീസ് അസോസിയേഷന് ടൂറിന്റെ വെബ്സൈറ്റിനോടാണ് തന്റെ റിട്ടയര്‍മെന്റ് പ്ലാനെക്കുറിച്ച് 36 കാരിയായ സാനിയ പറഞ്ഞത്. തുടര്‍ച്ചയായ പരിക്കുകളും ശാരീരികക്ഷമത കുറയുന്നതുമാണ് ടെന്നീസില്‍ നിന്നും വിരമിക്കുന്നതിലേക്ക് സാനിയയെ നയിക്കുന്നത്.
ലോക ടെന്നീസ് അസോസിയേഷന്റെ സിംഗിള്‍സ് കിരീടം നേടിയിട്ടുള്ള ഏക ഇന്ത്യാക്കാരിയാണ് സാനിയ 2005 ല്‍ ഹൈദരാബാദ് ഓപ്പണില്‍ താരം കിരീടം നേടിയിരുന്നു. ലോക ടെന്നീസ് റാങ്കിംഗില്‍ 27 ാം സ്ഥാനത്ത് എത്തിയിട്ടുള്ള സാനിയ ഡബിള്‍സില്‍ ഒന്നാം നമ്പറായിരുന്നു.
ഓസ്ട്രേലിയന്‍ ഓപ്പണില്‍ വനിതാ ഡബിള്‍സില്‍ പങ്കെടുക്കുന്ന താരത്തിന്റെ പങ്കാളി കസക്കിസ്ഥാന്റെ അന്നാ ഡാനിലിനയയായിരിക്കും. ടെന്നീസില്‍ നിന്നും വിരമിച്ച ശേഷം ദുബായിലും ഹൈദരാബാദിലും ടെന്നീസ് അക്കാദമി തുടങ്ങാനാണ് താരത്തിന് പദ്ധതി. പത്തു വര്‍ഷമായി ഭര്‍ത്താവും പാകിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനുമായ ഷൊയബ് മാലിക്കുമൊത്ത് ദുബായിലാണ് താരം താമസം.
തുടര്‍ച്ചയായ പരിക്ക് അലട്ടിയ താരത്തിന് കൈമുട്ടിനേറ്റ പ്രശ്നത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണ്‍ നഷ്ടമായിരുന്നു. ഫെബ്രുവരി 19 നാണ് താരത്തിന്റെ അവസാന ടൂര്‍ണമെന്റ് ദുബായില്‍ തുടങ്ങുക.




