കൊല്‍ക്കത്ത: ഐ.പി.എല്‍. ക്രിക്കറ്റിലെ മുന്‍ ചാമ്പ്യന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ആശ്വാസ വാര്‍ത്ത. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരേ ഇന്നു നടക്കുന്ന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന്റെ മുന്‍ താരം സുനില്‍ നരേന് കളിക്കും.
അസുഖ ബാധിതനായ നരേന് കളിക്കുന്ന കാര്യം സംശയത്തിലായിരുന്നു. ഐ.പി.എല്ലിലെ കൊല്‍ക്കത്തയുടെ വിക്കറ്റ് വേട്ടക്കാരില്‍ മുമ്പനാണു നരേന്. ഇടതു കൈയ്ക്കു പരുക്കേറ്റ ലെഗ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ഇന്നു കളിക്കില്ല. കൊല്‍ക്കത്തയുടെ സ്വന്തം ഈഡന് ഗാര്‍ഡന്‍സിലാണു മത്സരം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണു വരുണ്‍ ചക്രവര്‍ത്തിക്കു പരുക്കേറ്റത്. വയറിന്റെ അസ്വസ്ഥത മൂലമാണു നരേന് കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്നത്. 2019 നു ശേഷം ആദ്യമായാണു കൊല്‍ക്കത്ത തങ്ങളുടെ രണ്ട് പ്രമുഖ സ്പിന്നര്മാരുമില്ലാതെ കളിക്കുന്നത്. മൂന്ന് കളികളില്‍നിന്ന് ഒരു പോയിന്റ് മാത്രമാണു കൊല്‍ക്കത്തയുടെ നേട്ടം.




