ബുക്കാറസ്റ്റ്: റൊമാനിയന്‍ ഫുട്ബോള്‍ ടീം മുന്‍ കോച്ച് മിര്‍സിയ ലുസെകു അന്തരിച്ചു. 80 വയസുകാരനായ ലുസെകു കഴിഞ്ഞയാഴ്ചയാണു കോച്ച് സ്ഥാനമൊഴിഞ്ഞത്. റൊമാനിയയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കോച്ചും കളിക്കാരനുമായിരുന്നു ലുസെകു.
ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യമെന്ന് ബുക്കാറസ്റ്റ് ഹോസ്പിറ്റല്‍ വ്യക്തമാക്കി. റൊമാനിയ 1984 ല്‍ ആദ്യമായി യൂറോ കപ്പിനു യോഗ്യത നേടിയത് ലുസെകുവിന്റെ കോച്ചിങ് മികവിലാണ്. സ്ലോവാക്യക്കെതിരേ രാജ്യാന്തര സൗഹൃദ മത്സരം കളിക്കാനിരിക്കേയാണ് അദ്ദേഹം അസുഖ ബാധിതനായത്. കഴിഞ്ഞയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച മിര്‍സിയ ലുസെകുവിന വെള്ളിയാഴ്ച വിടേണ്ടതായിരുന്നു. ഹൃദയമിടിപ്പ് സാധാരണനിലയിലാക്കാനുള്ള അവശ്യ ചികിത്സകള്‍ നല്‍കിയിരുന്നു. പിന്നാലെയാണു ഹൃദയാഘാതമുണ്ടായത്. 1945 ജൂലൈ 29 ബുക്കാറസ്റ്റിലാണു ലുസെകു ജനിച്ചത്.
2024 ഓഗസ്റ്റിലാണ് രണ്ട് വര്‍ഷത്തെ കോച്ചായി ചുമതലയേറ്റത്്. തുര്‍ക്കിക്കെതിരേ നടന്ന പ്ലേ ഓഫ് സെമി ഫൈനലിലാണ് അവസാനം ടീമിനെ ഇറക്കിയത്. തുര്‍ക്കിയോട് 1-0 ത്തിനു തോറ്റതോടെ റൊമാനിയയുടെ ലോകകപ്പ് യോഗ്യതയെന്ന സ്വപ്നം വിഫലമായി. 1984 ലാണ് ആദ്യം കോച്ചായത്. രണ്ട് വര്‍ഷത്തിനു ശേഷം സ്ഥാനമൊഴിഞ്ഞു. റൊമാനിയ 1986 ലെ മെക്സിക്കോ ലോകകപ്പിനു യോഗ്യത നേടാതെ വന്നതോടെയാണു സ്ഥാനമൊഴിഞ്ഞത്. റൊമാനിയന്‍ പ്രസിഡന്റ് നികുസോര്‍ ഡാന്‍ ഉള്‍പ്പെടെയുള്ളവര്‍ അനുശോചിച്ചു.



