ധാക്ക: നാഷണല്‍ സ്പോര്‍ട്സ് കൗണ്‍സിലിനെതിരേ പുറത്താക്കപ്പെട്ട ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് അമിനുള്‍ ഇസ്ലാം ബുള്‍ബുള്‍. തന്നെ പുറത്താക്കാന്‍ ഗൂഢാലോചന നടത്തിയെന്നും അമിനുള്‍ ആരോപിച്ചു.
പുതിയ തെരഞ്ഞെടുപ്പ് നടത്തുന്നതുവരെ ക്രിക്കറ്റ് ബോര്‍ഡിന്റെ ദൈനംദിന നടത്തിപ്പിനായി 11 അംഗ അഡ് - ഹോക്ക് കമ്മിറ്റി രൂപീകരിച്ചിരുന്നു. ബംഗ്ലാദേശ് മുന്‍ നായകന് തമീം ഇഖ്ബാലാണു കമ്മിറ്റി ചെയര്മാന്. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് നാഷണല്‍ സ്പോര്‍ട്സ് കൗണ്‍സില്‍ അമിനുള്‍ ഇസ്ലാമിനെതിരേ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
തന്നെ പുറത്താക്കിയതു ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ വിഷയത്തില്‍ ഇടപെടണമെന്നും അമിനുള്‍ ഇന്നലെ നടത്തിയ പത്ര സമ്മേളനത്തില്‍ ആരോപിച്ചു. താന്‍ ഇപ്പോഴും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് സ്ഥാനത്തു തുടരുകയാണെന്നും അമിനുള്‍ അവകാശപ്പെട്ടു.
2025 ലെ ബോര്‍ഡ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ബോര്‍ഡ് തന്നെ രൂപീകരിച്ച മൂന്നംഗ ഇലക്ഷന് കമ്മിഷനാണു തെരഞ്ഞെടുപ്പ് നടത്തിയത്. ട്വന്റി20 ലോകകപ്പില്‍ കളിക്കാന്‍ വിസമ്മതിച്ച വിഷയത്തിലാണ് അമിനുളിന്റെ സ്ഥാനം തെറിച്ചത്്. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യ വേദിയായിട്ടുള്ള ലോകകപ്പില്‍ കളിക്കാനാകില്ലെന്നു ബംഗ്ലാദേശ് വ്യക്തമാക്കി. ബംഗ്ലാ സര്‍ക്കാരിന്റെ കായിക ഉപദേഷ്ടാവ് ആസിഫ് നസറുള്‍ ടീം സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നതിനെ വിലക്കി.




