ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ രവിയും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം നയപ്രഖ്യാപന പ്രസംഗത്തിനിടെ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയതിനു പിന്നാലെ
ഗവര്‍ണര്‍ സംസ്ഥാനം വിടണമെന്ന് കാണിച്ച് ഡിഎംകെ പ്രചാരണം ആരംഭിച്ചിരുന്നു. അതിനിടെ, പൊങ്കലിന് രാജ്ഭവന് പുറത്തിറക്കിയ ക്ഷണക്കത്താണ് ഏറ്റുമുട്ടലിന് മൂര്‍ച്ഛകൂട്ടിയത്.
തമിഴ്നാട് ഗവര്‍ണര്‍ എന്നതിനുപകരം തമിഴകം ഗവര്‍ണര്‍ എന്നാണ് ക്ഷണക്കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരന്റെ മുദ്ര ഒഴിവാക്കികേന്ദ്രസര്ക്കാര് മുദ്രയാണ് നല്‍കിയിരിക്കുന്നത്. തമിഴിലാണ് രാജ്ഭവന് പുറത്തിറക്കിയ ക്ഷണക്കത്ത്. തമിഴ്നാടിന്റെ പേര് 'തമിഴക ആഴുനാര്‍' എന്നാണ് കൂടുതല്‍ യോജിക്കുകയെന്ന ഗവര്‍ണറുടെ പരാമര്‍ശമാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. എന്നാല്‍ ക്ഷണക്കത്തിന്റെ ഇംഗ്ലീഷ് പതിപ്പില്‍ തമിഴ്നാട് ഗവര്‍ണര്‍ എന്നാണ് എഴുതിയിരിക്കുന്നത്.
നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ പ്രസംഗത്തിലെ പല ഭാഗങ്ങളും ഗവര്‍ണര്‍ അവഗണിക്കാന്‍ ശ്രമിച്ചിരുന്നു. പൂര്‍ണ്ണമായ പ്രസംഗമാണ് റെക്കോര്‍ഡ് ചെയ്യേണ്ടതെന്ന് കാണിച്ച് മുഖ്യമന്ത്രിഎം.കെ സ്റ്റാലിന് പ്രമേയം കൊണ്ടുവന്നതോടെയാണ് ഗവര്‍ണര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.
കഴിഞ്ഞയാഴ്ച ഗവര്‍ണര്‍ നടത്തിയ പ്രസംഗത്തിലാണ് തമിഴകം പരാമര്‍ശം വന്നത്. രാജ്യം മുഴുവന്‍ സ്വീകരിക്കുന്ന ഏതുകാര്യവും തമിഴ്നാട് തിരസ്കരിക്കുകയാണ്. ഇത് ഒരുശീലമായിരിക്കുന്നു. എഴൂതിവച്ചിരിക്കുന്ന പല കാര്യങ്ങളും തെറ്റും കെട്ടുകഥകളുമാണ്. അവയെല്ലം പൊളിച്ചെഴുതണം. സത്യം തെളിയണം. തമിഴകം എന്നതാണ് ഉചിതമായ പേര്. വിദേശികളുടെ കയ്യില്‍ നിന്നും രാജ്യത്തിന്റെ മറ്റുഭാഗത്തുള്ളവര് വലിയ യാതന അനുഭവിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട് എന്നാല്‍ തമിഴരുടെ നാട് എന്നാണ്. തമിഴകം എന്നാല്‍ തമിഴ് ജനത വസിക്കുന്ന ഇടം എന്നാണെന്നും അതാണ് നാടിന്റെ പഴയ പേരെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തമിഴകം എന്ന പേര് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണര്‍ ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും അജണ്ടയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നായിരുന്നു ഡിഎംകെയുടെ മറുപടി.






