ന്യുഡല്‍ഹി: പാകിസ്താന് അതിര്‍ത്തിയോട് ചേര്‍ന്നുള്ള രാജസ്ഥാനിലെ ഉത്തരാലി വ്യോമതാവളത്തില്‍ നിരീക്ഷണം നടത്തിയ വിദേശ പൈലറ്റ് കസ്റ്റഡിയില്‍. അലയന്‍സ് എയര്‍ ചാര്‍ട്ടേര്‍ഡ് വിമാനത്തിന്റെ പൈലറ്റ് ആയ ബ്രസീലിയന്‍ പൗരനാണ് പിടിയിലായത്.
കടുത്ത നിയന്ത്രണങ്ങളുള്ള എയറോഡ്രോമിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇയാള്‍ മൊൈബല്‍ ഫോണില്‍ പകര്‍ത്തിയത്. ചാര്‍ട്ടേര്‍ഡ് വിമാനത്തിന്റെ പൈലറ്റ് വ്യോമതാവളത്തിന് സമീപത്തെ നിരോധിത മേഖലയില്‍ കടന്നതില്‍ വ്യോമസേന ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പരാതിയും നല്കി.
ജനുവരി ഒമ്പതിനാണ് സംഭവം. ഉത്തരാലിയില് നിന്ന് ഡല്‍ഹിയിലേക്ക് 23 യാത്രക്കാരുമായി പുറപ്പെടാന്‍ തയ്യാറെടുത്ത അലയന്‍സ് എയറിന്റെ ചാര്‍ട്ടര്‍ ഫ്ളൈറ്റ് 91962 ന്റെ പൈലറ്റാണ് ഇതിനിടെ എയറോഡ്രോമില്‍ കയറി ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇയാളെ സുരക്ഷാ ജീവനക്കാര്‍ പിടികൂടുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഇയാള്‍ ജിജ്ഞാസ കൊണ്ട് മാത്രമാണോ അതോ മറ്റെന്തിലും ലക്ഷ്യത്തോടെയാണോ എയ്റോഡ്രോമില്‍ കയറിയതെന്ന് പരിശോധിച്ചുവരികയാണ്.
ജനുവരി ഒമ്പതിന് ഉച്ചയോടെ പുറപ്പെടേണ്ടിയിരുന്ന വിമാനം പൈലറ്റ് പിടിയിലായതോടെ അഞ്ച് മണിക്കൂറോളം യാത്ര വൈകി. രാത്രി വൈകിയാണ് വിമാനം ഡല്‍ഹിയിലെത്തിയത്. റിപ്പബ്ലിക് ദിനത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കേയാണ് ഈ സംഭവമെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു.
ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വിദേശ ജീവനക്കാരുണ്ടെങ്കില്‍ വിമാനകമ്പനികള്‍ ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത് അനിവാര്യമാണ്. വ്യോമസേനയുടെ വ്യോത്താവളം കര്‍ശന നിബന്ധനകളോടെയാണ് മറ്റ് വിമാന സര്‍വീസുകള്‍ അനുവദിച്ചിരിക്കുന്നത്. ആകാശത്തോ താഴെയോ നിന്നുള്ള ഒരു ചിത്രവും എടുക്കാന്‍ പാടില്ലെന്നും യാത്രക്കാരുടെ ബാഗുകളില്‍ സംശയകരമായ ഒരു ഉപകരണങ്ങളും പാടില്ലെന്നും നിബന്ധനയുണ്ട്. ഇത്തരം വിമാനങ്ങള്‍ പറത്തുന്ന വിദേശ പൈലറ്റുമാര്‍ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്.






