
ജയ്പൂര്‍: രണ്ടിടങ്ങളിലായി കിലോമീറ്റര്‍ അകലെ ഇരട്ടകള്‍ക്ക് ഏകദേശം ഒരേ സമയത്ത് ഒരേപോലെയുള്ള സാഹചര്യത്തില്‍ മരണം. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ 900 കിലോമീറ്ററിന് അപ്പുറത്തും ഇപ്പുറത്തുമായി മരണം സംഭവിച്ചത് കുടുംബത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
സുമേര്‍ സിംഗും സോഹന്സിംഗുമാണ് മരണപ്പെട്ടത്. രണ്ടുപേര്‍ക്കും 26 വയസ്സായിരുന്നു പ്രായം. മരണപ്പെടുമ്പോള്‍ ഒരാള്‍ ഗുജറാത്തിലും മറ്റേയാള്‍ രാജസ്ഥാനിലുമായിരുന്നു. ഒരാള്‍ സൂറത്തില്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ടെറസില്‍ നിന്നും വീണു മരിച്ചപ്പോള്‍ രണ്ടാമത്തെയാള്‍ ജയ്പൂരില്‍ വീടിന് പിന്നിലുള്ള വാട്ടര്‍ടാങ്കില്‍ വീണു മരിക്കുകയായിരുന്നു. അതേസമയം രണ്ടാമത്തെ മരണം ആത്മഹത്യയാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. രണ്ടു മൃതദേഹങ്ങളും ഇവരുടെ ജന്മനാടായ സാര്‍നോ കാ തല ഗ്രാമത്തില്‍ ഒരേ ചിതയില്‍ ദഹിപ്പിച്ചു.
ഗുജറാത്തിലെ ടെക്സ്റ്റൈല്‍ സിറ്റിയിലായിരുന്നു മരണപ്പെടുമ്പോള്‍ സുമേര്‍. സോഹന്‍ ജയ്പൂരില്‍ ഗ്രേഡ് ടൂ ടീച്ചര്‍ റിക്രൂട്ട്മെന്റ് ടെസ്റ്റിന് പരിശീലിക്കുകയായിരുന്നു. സുമര്‍ ബുധനാഴ്ച രാത്രി ഏറെ വൈകി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കേ ടെറസില്‍ നിന്നും വീഴുകയായിരുന്നു. സോഹന്‍ വ്യാഴാഴ്ച പുലര്‍ച്ചെ വാട്ടര്‍ ടാങ്കില്‍ വീഴുകയായിരുന്നു. രണ്ടാമത്തെ മരണം ആത്മഹത്യയാണോ എന്ന സാധ്യത പരിശോധിക്കുകയാണ് പോലീസ്.






