
കോഴിക്കോട്: ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ താൻ തന്നെ തകർന്നു പോയതായി തോന്നിയെന്ന് ഉലകനായകന് കമല്ഹാസന്. ബാബ്റി മസ്ജിദിന്റെ തകർച്ചയുണ്ടാക്കിയ ആഘാതമാണ് രാജ്യത്തെ മതവാദികൾക്കെതിരെ പ്രതികരിക്കാനുള്ള ഊർജ്ജം നൽകിയതെന്നും താൻ നിലകൊള്ളുന്നത് മതേതരത്വ ഇന്ത്യയ്ക്ക് വേണ്ടിയാണെന്നും കമല്‍ പറഞ്ഞു.
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു കമല്‍. മതരാഷ്ട്രീയത്തെ വിമർശിക്കാനുള്ള ബോധം തന്നിലുണ്ടാക്കിയത് ബാബറി മസ്ജിദിന്റെ തകർച്ചയോടെയാണെന്നും പറഞ്ഞു. ബഹുസ്വരതയിലൂന്നിയ ഇന്ത്യ എന്നതാണ് ഏറ്റവും മനോഹരമായ സങ്കൽപ്പം. ജനാധിപത്യം സംരക്ഷിക്കാൻ ഓരോ പൗരനും ജാഗ്രതയുണ്ടാകണമെന്നും പറഞ്ഞു. ഫൈന്റിംഗ് മൈ പൊളിറ്റിക്സ് എന്ന വിഷയത്തിലായിരുന്നു കമല്‍ തന്റെ അഭിപ്രായം പറഞ്ഞത്.
സഹനമല്ല സമൂഹത്തിന് ആവശ്യം, തിരസ്കരിക്കപ്പെടുന്നവരെ ഉൾക്കൊള്ളലാണ്. അസഹിഷ്ണുത രാജ്യത്തിനു തലവേദനയാണ്. ജനാധിപത്യവും പൗരാവകാശങ്ങളും നിലവറയിൽ സൂക്ഷിക്കാനാവില്ല. താൻ ഒരിക്കലും അസഹിഷ്ണുവാകാറില്ല. മറിച്ച് എല്ലാവരെയും ഉൾക്കൊള്ളാനാണ് ശ്രമിക്കുക എന്നും പറഞ്ഞു. ശരി ഏത് പക്ഷത്തായാലും അതിനോടൊപ്പം നിൽക്കും. ഏകശിലാ തത്വം പാലിക്കുന്ന ഇന്ത്യയല്ല തന്റെ മനസിലുള്ളതെന്നും പറഞ്ഞു.






