
ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍ ബിസിസിഐ തുടങ്ങാനിരിക്കുന്ന വനിതകളുടെ ഐപിഎല്‍ ക്രിക്കറ്റില്‍ പങ്കെടുക്കാന്‍ ഇന്ത്യയുടെ വിരമിച്ച സൂപ്പര്‍താരങ്ങളും. ഡബ്ള്യൂ ഐപിഎല്ലിന്റെ ആദ്യ പതിപ്പിന്റെ ഭാഗമാകാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് ഇന്ത്യയുടെ മുന്‍ നായിക മിതാലി രാജ് പറഞ്ഞു. വിരമിച്ച മിതാലി ക്രിക്കറ്റില്‍ നിന്നും തിരിച്ചുവരാനൊരുങ്ങുകയാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 89 ട്വന്റിട്വന്റി മത്സരം കളിച്ചിട്ടുള്ള മിതാലി 2,364 റണ്‍സും ഇന്ത്യയ്ക്കായി നേടിയിട്ടുണ്ട് കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി മിതാലി രാജ് വ്യക്തമാക്കിയത്. എന്നാല്‍ ബിസിസിഐ വനിതകളുടെ ഐപിഎല്‍ ഈ വര്‍ഷം തുടങ്ങാനിരിക്കെ റിട്ടയര്മെന്റില് നിന്നും തിരിച്ചുവരാനുള്ള തീരുമാനത്തിലാണ് മിതാലി. 2019 ല്‍ ഇംഗ്ളണ്ടിനെതിരേയാണ് മിതാലി അവസാന ടിട്വന്റി കളിച്ചത്.
2023 മാര്‍ച്ചിലാണ് ഡബ്ള്യൂഐപിഎല് തുടങ്ങുന്നത്. കളിയുടെ മാധ്യമഅവകാശം വയാകോം 18 ഇതിനകം വാങ്ങിക്കഴിഞ്ഞു. 2023 മുതല്‍ 27 വരെയുള്ള കരാര്‍ 951 കോടി രൂപയ്ക്കാണ് ഇവര്‍ സ്വന്തമാക്കിയത്. വനിതകളുടെ ഐപിഎല്ലിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്ന ക്രിക്കറ്റില്‍ നിന്നും വിരമിച്ച മറ്റൊരു താരം പേസര്‍ ജുലന് ഗോസ്വാമിയാണ്. 2022 സെപ്തംബറില്‍ ഇംഗ്ളണ്ടിനെതിരേയുള്ള മത്സരത്തിലാണ് ജുലന് അവസാനമായി കളിച്ചത്.




