
ഏക പതി, ഏക പത്നി ചിന്താഗതി വെച്ചുപുലര്‍ത്തുന്നവരാണ് ശരാശരി എല്ലാ ഇന്ത്യക്കാരും. കുറഞ്ഞപക്ഷം സമൂഹത്തിന്റെ മുന്പിലെങ്കിലും. കാലം മാറുന്നതിനനുസരിച്ച് ചിന്തകളിലും മാറ്റങ്ങള്‍ വരുന്നുണ്ട് എന്നതിന് തെളിവാണ് വിവാഹേതര ഡേറ്റിങ്ങ് ആപ്പ് ഉപയോഗത്തിന്റെ വര്‍ധനവ്.
ഡേറ്റിങ്ങ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ മുഖം തിരിച്ച് നടന്നിരുന്ന ആളുകളാണ് ഇന്ത്യക്കാര്‍ എന്നാല്‍ ഇന്ന് സ്ഥിതി നേരെ തിരിച്ചാണ്. സ്വദേശിയും, വിദേശിയുമായ ധാരാളം ആപ്പുകള്‍ ഇന്ന് പ്രചാരത്തിലുണ്ട്. അവയ്ക്കു പിന്നാലെയുള്ള ഓട്ടത്തിലാണ് ഇപ്പോള്‍ ഇന്ത്യക്കാര്‍, പ്രത്യേകിച്ച് നഗരമേഖലയിലുള്ളവര്‍.
വളരെ കുറച്ച് കാലം കൊണ്ട് ലോകമെങ്ങും ഒരുകോടി ഉപയോക്താക്കളെ സ്വന്തമാക്കിയ വിവാഹേതര ഡേറ്റിങ്ങ് ആപ്പാണ് 'ഗ്ലീഡന്‍'. ഇതില്‍ 20 ലക്ഷവും ഇന്ത്യക്കാരാണ്. സെപ്റ്റംബര്‍ 2022 മുതലുള്ള കണക്കനുസരിച്ച് 11% വര്‍ധനവാണ് ഗ്ലീഡന്‍ കൈവന്നത്. ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ വര്‍ധിക്കുന്നു എന്നതിനുള്ള തെളിവാണ് ഈ കണക്കുകള്‍.
കോവിഡ് കാലത്താണ് ഡേറ്റിങ്ങ് ആപ്പ് ഉപയോഗത്തില്‍ വര്‍ധനവ് ഉണ്ടായത്. വിവാഹിതരെ മാത്രം ലക്ഷ്യം വെച്ചാണ് ഗ്ലീഡന്‍ നിര്‍മിച്ചതെന്നും അവര്‍ അവകാശപ്പെടുന്നു. ദാമ്പത്യത്തെ സംബന്ധിച്ച് പരമ്പരാഗത ചിന്തകളുള്ളവരെ ഇത് ചിലപ്പോള്‍ ചൊടിപ്പിച്ചേക്കാം.
നഗരവാസികളാണ് ഈ ആപ്പിന്റെ ഉപഭോക്താക്കളിലധികവും. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, കണ്‍സള്‍ട്ടന്റുമാര്‍, ബിസ്സിനസ്സുകാര്‍, വ്യവസായികള്‍ അങ്ങനെ നീളുന്നു നിരകള്‍. 30 വയസ്സ് കഴിഞ്ഞ പുരുഷന്മാരും, 26 വയസ്സ് കഴിഞ്ഞ സ്ത്രീകളുമാണ് ഗ്ലീഡന്‍ ആപ്പിന്റെ ഉപയോഗത്തില്‍ മുന്‍ പന്തിയില്‍.
വിവാഹേതര ഡേറ്റിങ്ങ് പങ്കാളിയെ തിരയുന്നവരില്‍ അധികവും വന്‍ നഗരത്തിലുള്ളവരാണ്.






