തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയ മുതിര്‍ന്ന നേതാവ് പ്രൊഫ.കെ.വി തോമസിന് കാബിനറ്റ് റാങ്കോടെ പ്രത്യേക പദവി നല്കാന് ഇന്നു ചേര്‍ന്ന മ്രന്തിസഭാ യോഗത്തില്‍ തീരുമാനം. ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയെന്ന പദവിയാണ് നല്‍കുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുന്‍ എം.പി എ.സമ്പത്തിനേയും സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു.
മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന കെ.വി തോമസിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനോട് അടുത്ത തോമസ്, പാര്‍ട്ടി വേദികളിലും എത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ വിജയം നേടിയതിനു പിന്നാലെ കെ.വി തോമസിന്റെ കോലം കത്തിക്കുന്നത് അടക്കമുള്ള പ്രതിഷേധങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു.
ഡല്‍ഹി കേന്ദ്രമാക്കി ദീര്‍ഘകാലം പ്രവര്‍ത്തിച്ച കെ.വി തോമസിന് ദേശീയ നേതാക്കള്‍ക്കിടയിലുള്ള ബന്ധവും കണക്കിലെടുത്താണ് പുതിയ നിയമനം.
2021 സെപ്തംബര്‍ 15ന് നെതര്‍ലന്‍ഡ്സ് മുന്‍ അംബാസിഡര്‍ വേണു രാജാമണിയെ ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ ഓഫീസര്‍ ഓണ്‍ സെപ്ഷ്യല്‍ ഡ്യുട്ടിയായി നിയമിച്ചിരുന്നു.
യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തുന്നവരെ കൈവിടില്ലെന്ന സന്ദേശമാണ് ഈ നിയമനത്തിലൂടെ സിപിഎം നേതൃത്വവും നല്‍കുന്നത്. ശശി തരൂര്‍ അടക്കം നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്നവരെ ലക്ഷ്യമിട്ടു കൂടിയാണ് ഈ നിയമനം.






