ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോഡി വന്‍ അഴിമതി നടത്തിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇതിന്റെ തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ഇത് സഭയില്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നും എന്നാല്‍ സംസാരിക്കുവാന്‍ അനുവദിക്കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു. ഭയത്തെതുടര്‍ന്നാണ് പ്രധാനമന്ത്രി ഒളിച്ചോടുന്നതെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഇതിനെ പറ്റി സംസാരിച്ചാല്‍ ഊതി വീര്പ്പിച്ചതുപോലുള്ള മോഡിയുടെ ഇമേജ് തകര്‍ന്നു വീഴുമെന്നും രാഹുല്‍ പറഞ്ഞു. അതേസമയം, പാര്‍ലമെന്റിലെ ഇരുസഭകളും പ്രതിപക്ഷബഹളം കാരണം ഉച്ചവരെ നിര്‍ത്തിവച്ചിരുന്നു. നോട്ട് അസാധുവാക്കിയ നടപടിയിലൂടെ പ്രധാനമന്ത്രി നടത്തിയിരിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി പറഞ്ഞു. ഏറ്റവും വലിയ ദേശീയ ദുരന്തമാണ് നോട്ട് അസാധുവാക്കലിലൂടെ നടത്തിയിരിക്കുന്നതെന്നും മുന്‍പ്രതിരോധമന്ത്രി കൂടിയായ ആന്റണി കുറ്റപ്പെടുത്തി.
ഡല്‍ഹിയില്‍ കേരളത്തിലെ യുഡിഎഫ് എംഎല്‍എമാരും എംപിമാരും ചേര്‍ന്ന് സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ 17 പ്രതിപക്ഷ കക്ഷികളുമായി സഹകരിച്ച് സമരവുമായി പ്രതിഷേധിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ജനതാദള്‍ യു നേതാവ് എംപി വീരേന്ദ്രകുമാര്‍ എംപി, കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ്, ആര്‍എസ്പി നേതാവ് എന്‍ കെ രാമചന്ദ്രന് എംപി, കെപിസിസി പ്രസിഡന്റ് വി എം സുധീരന് എന്നിവര്‍ക്ക് പുറമേ യുഡിഎഫിലെ വിവിധ കക്ഷി നേതാക്കളും ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്.






