കൊച്ചി: സീറോ മലബാര്‍ സഭാ സിനഡിനു ശേഷം ഞായറാഴ്ച പള്ളികളില്‍ വായിക്കാന്‍ നല്കിയ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ ബഹുഭൂരിപക്ഷം പള്ളികളും തള്ളിക്കളഞ്ഞൂ. അതിരൂപതയില്‍ 328 ഇടവകകളും കൊച്ചുപള്ളികളും സ്ഥാപനങ്ങളും കോണ്വെന്റ്റുകളും ഉള്‍പ്പെടെ 450 ഇടങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുവെങ്കിലും കര്‍ദിനാള്‍ ആലഞ്ചേരിയുടെ സര്‍ക്കുലര്‍ വായിച്ചത് ആകെ നാല് ഇടങ്ങളില്‍ മാത്രമാണെന്ന് അത്മായ മുന്നേറ്റം ചൂണ്ടിക്കാട്ടി. അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന മാത്രമേ അനുവദിക്കൂ എന്നും, 99%വിശ്വാസികളുടെ നിലപടിനെതിരെയുള്ള അധിനിവേശം അനുവദിക്കില്ലെന്നും, പള്ളികളില്‍ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും അല്മായ മുന്നേറ്റം അറിയിച്ചു.
സിനഡ് സര്‍ക്കുലര്‍ വായിക്കാന്‍ ശ്രമിച്ച അകപറമ്പ് പള്ളിയില്‍ വിശ്വാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് വികാരി പിന്മാറി. കുര്‍ബാനക്ക് ശേഷം വിശ്വാസികള്‍ അകപറമ്പ് പള്ളിയുടെ മുന്നില്‍ ഒന്നിച്ചു കൂടി സിനഡ് സര്‍ക്കുലര്‍ പരസ്യമായി കത്തിക്കുകയും വേസ്റ്റ് ബോക്സില്‍ നിക്ഷേപിക്കുകയും ചെയ്തു. അതിരൂപത വൈദികരെ ആക്രമിക്കുകയും ബസിലിക്ക അള്‍ത്താരയില്‍ കയറി വിശുദ്ധ കുര്‍ബാന അശുദ്ധമാക്കുകയുംചെയ്തവര്ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച സിനഡ്, വൈദീകരില്‍ നിന്ന് മെത്രാന്മാരിലേക്ക് ദൂരം അധികമില്ലെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്ന് അല്മായ മുന്നേറ്റം ഓര്‍മ്മിപ്പിച്ചു.
അതിരൂപതയിലെ 99% വിശ്വാസികളുടെയും വൈദികരുടെയും ആരാധന സ്വാതന്ത്ര്യത്തെയും വിശ്വാസത്തെയും അടിച്ചമര്‍ത്താനുള്ള സിനഡ് നീക്കം ജീവന് കൊടുത്തും ചെറുക്കുമെന്ന് അല്മായ മുന്നേറ്റം അതിരൂപത സമിതി മുന്നറിയിപ്പ് നല്കി. അതിന് ഒരുക്കമായി മുഴുവന്‍ ഇടവകകളിലും ജാഗ്രത സമിതികള്‍ ആരംഭിക്കുമെന്ന് അല്മായ മുന്നേറ്റം കണ്‍വീനര്‍ ജെമി അഗസ്റ്റിന്, വക്താവ് റിജു കാഞ്ഞൂക്കാരന്‍ എന്നിവര്‍ അറിയിച്ചു.
എറണാകുളം കത്തിഡ്രല്‍ ബസിലിക്കയില്‍ ഒരു സിനഡ് കുര്‍ബാന അര്‍പ്പിക്കാന്‍ അനുവദിച്ചാല്‍ ജനഭിമുഖ കുര്‍ബാന നിയമപരമാക്കി അനുവാദം നല്‍കാമെന്ന് സിനഡ് കമ്മീഷനുമായുള്ള ചര്‍ച്ചയില്‍ ഉറപ്പ് നല്കിയവര്, ആ ആവശ്യം അംഗീകരിച്ചു കൊടുക്കാതെ ആയപ്പോള്‍ അടുത്ത ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ ജനാഭിമുഖ കുര്‍ബാന നിയമവിരുദ്ധമായി പ്രഖ്യാപിച്ചത് പൂര്‍ണ്ണ അവഞ്ജയോടെ തള്ളി കളയുന്നതായി അല്മായ മുന്നേറ്റം അറിയിക്കുന്നു. ലോകം മുഴുവന്‍ മാര്‍പ്പാപ്പ ഉള്‍പ്പെടെയുള്ള 99% കത്തോലിക്കാ വൈദീകരും അര്‍പ്പിക്കുന്ന ജനഭിമുഖ കുര്‍ബാന നിയമവിരുദ്ധമാണെന്നുള്ള പ്രസ്താവന സഭയെയും മാര്‍പ്പാപ്പയെയും സീറോ മലബാര്‍ സഭ സിനഡ് തള്ളി പറയുന്നതിന് തുല്യമാണെന്ന് അല്മായ മുന്നേറ്റം ആരോപിച്ചു.
അതിനിടെ, ഇന്ന് രാവിലെ കൂനമ്മാവ് വള്ളുവള്ളി കൊച്ചാല്‍ സെന്റ് ആന്റണീസ് പള്ളിയില്‍ ഏകീകൃത കുര്‍ബാന ചൊല്ലാനെത്തിയ വൈദികനെ വിശ്വാസികള്‍ തടഞ്ഞു. സിനഡ് അനുകൂല നിലപാട് എടുക്കുന്ന ഫാ. സൈമണ്‍ പള്ളുപ്പേട്ടയെ ആണ് ഇടവക വിശ്വാസികള്‍ തടഞ്ഞത്.
ഇന്നലെ ഏകീകൃത കുര്‍ബാന ചൊല്ലുന്നത് തടയാന്‍ ഒരു വിഭാഗം വിശ്വാസികള്‍ സങ്കീര്‍ത്തി പൂട്ടുകയും അള്‍ത്താരയില്‍ നിന്ന് മൈക്കും ബലി വസ്തുക്കളും എടുത്തുമാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് വൈദികന് പോലീസ് സംരക്ഷണം തേടിയിരുന്നു.






