
ആഗ്ര: ഇന്ത്യന്‍ നിര്‍മ്മിത വസ്തു വിദേശ വനിതയ്ക്ക് ഒമ്പതു മടങ്ങ് കൂടുതല്‍ വിലയ്ക്ക് വിറ്റ കടയുടമ ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍. ആഗ്രയില്‍ താജ്മഹല്‍ കാണാനെത്തിയ വിദേശ വനിതയില്‍ നിന്നും 4000 രൂപയുടെ സാധനം 37,000 രൂപയ്ക്ക് വിറ്റ കടയുടമയും സെയില്‍സ്മാനും ടൂറിസ്റ്റ് ഗൈഡുമാണ് പിടിയിലായത്. വഞ്ചന തിരിച്ചറിഞ്ഞ ടൂറിസ്റ്റ് നേരെ പോലീസിനെ സമീപിക്കുകയും ആഗ്ര പോലീസ് സംഭവത്തില്‍ ഇടപെടുകയും ആയിരുന്നു.
താജ്മഹല്‍ കാണാനെത്തിയ സ്വിറ്റ്സർലൻഡുകാരി ഇസബെൽ ആണ് പറ്റിക്കപ്പെട്ടത്. ഫുർഖാന്‍ എന്ന ടൂറിസ്റ്റ് ഗൈഡായിരുന്നു ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നത്. താജ്മഹൽ സന്ദർശിച്ച ശേഷം ഫുര്‍ഖാന്‍ ഇസബെലിനെ ഈസ്റ്റേൺ ഗേറ്റിലെ മാർബിൾ കോട്ടേജ് ആൻഡ് ടെക്സ്റ്റൈൽസ് എംപോറിയത്തിലേക്ക് ഷോപ്പിംഗിനായി കൊണ്ടുപോകുകയായിരുന്നു. ടൂറിസ്റ്റ് തിരഞ്ഞെടുത്ത സാധനങ്ങൾക്കെല്ലാം കൂടെ 80,000 രൂപയുടെ ബില്ലാണ്യാ സെയില്സ്മാന് നല്‍കിയത്. വിലപേശി സാധനങ്ങൾ 37,500 രൂപയ്ക്ക് വിറ്റു.
ഹോട്ടലിലേക്ക് മടങ്ങുമ്പോള്‍ മറ്റൊരു കടയിൽ ഇതേ സാധനത്തിന്റെ വില അന്വേഷിച്ച ഇസബെല്ലിനോട് കടക്കാര് 4900 രൂപ മാത്രമേയുള്ളൂവെന്ന് പറഞ്ഞു. തട്ടിപ്പ് മനസ്സിലാക്കിയ ഇസബെൽ നേരെ ചെന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതോടെ ആഗ്ര പോലീസ് ഉടന്‍ സ്ഥലത്തെത്തുകയും കടയുടമയെയും സെയില്‍സ്മാനേയും കയ്യോടെ പൊക്കുകയുമായിരുന്നു. കടക്കാര്‍ക്ക് കൂട്ടു നിന്ന ഗൈഡിനെയും പിടികൂടി.




