
ബംഗലുരു: ഈ ടേമിലെ അവസാന ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ നാവു പിഴയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ സാന്നിദ്ധ്യവുമൊക്കെയായിരുന്നു അപ്രധാന കാര്യങ്ങളിലെ പ്രധാന വിഷയങ്ങള്‍. ഇതിലേക്ക് കേന്ദ്രധനമന്ത്രിയുടെ സാരി കൂടി എത്തുകയാണ്. ഫെബ്രുവരി 1 ന് ധനമന്ത്രി പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്ത വേഷം ശ്രദ്ധേയമായി.
ചുവന്ന പരമ്പരാഗത പരുത്തി സാരിയായിരുന്നു വേഷം. യുവജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കുമെല്ലാം മുന്‍തൂക്കം നല്കിയ ബജറ്റ് അവതരിപ്പിക്കാന്‍ കര്‍ണാടകയിലെ ധര്‍വാഡ് മേഖലയിലെ പരമ്പരാഗത കസുതി വര്‍ക്കുകള്‍ ഉള്ള കൈകൊണ്ടു നെയ്തെടുത്ത സാരിയായിരുന്നു ധരിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള പാര്‍ലമെന്റംഗം കൂടിയാണ് നിര്‍മ്മലാ സീതാരാമന്.
കര്‍ണാടകയിലെ പരമ്പരാഗത നാടോടി എംബ്രോയ്ഡറി വര്‍ക്കുകളെയാണ് കസൂതി എന്ന് പറയുന്നത്. ഈ വര്‍ക്കുകള്‍ ധര്‍വാഡ് മേഖലയില്‍ മാത്രം ചെയ്യുന്നതിനാല്‍ പ്രാദേശിക ചിഹ്നം കൂടിയാണ്. രഥം, മയിലുകള്‍, താമര തുടങ്ങിയ രീതിയില്‍ കൈകൊണ്ടു തുന്നിയെടുക്കുന്ന എംബ്രോയ്ഡറികളാണ് ഇവ. 800 ഗ്രാം തൂക്കം വരുന്ന ഭാരമേറിയ സാരി ഡിസൈന്‍ ചെയ്തത് ധര്‍വാഡിലെ ആരതി ക്രാഫ്റ്റിലെ ആരതി ഹിരേമാതായിരുന്നു.
ഡിസംബറിലായിരുന്നു നിര്‍മ്മലാ സീതാരാമന് സാരിയ്ക്ക് ഓര്‍ഡര്‍ നല്‍കിയത്. സാരി തങ്ങള്‍ ഏറെ സന്തോഷത്തോടെയാണ് നിര്‍മ്മിച്ചു കൊടുത്തതെന്നും എന്നാല്‍ അത് ഏത് സമയത്ത് ഉപയോഗിക്കാനായിരുന്നു എന്ന് വ്യക്തമായിരുന്നില്ലെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. രണ്ടു കസൂതി സാരികളാണ് നിര്‍മ്മലാ സീതാരാമന്റെ നിര്‍ദേശപ്രകാരം ഇവര്‍ നിര്‍മ്മിച്ചു അയച്ചത്. ബജറ്റിനൊപ്പം ധനമന്ത്രിയുടെ സാരിയും സംസാര വിഷയമാകുകയും ചെയ്തു.
ബജറ്റിനിടയില്‍ പഴയ വാഹനങ്ങള്‍ പൊളിക്കുമെന്ന പ്രഖ്യാപനത്തിനിടയില്‍ പൊല്യൂറ്റഡ് എന്ന പദത്തിന് പൊളിറ്റിക്കല്‍ എന്ന് ധനമന്ത്രി പറഞ്ഞത് ചിരിയ്ക്ക് ഇടയായിരുന്നു. ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെയായിരുന്നു രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ എത്തിയത്.






