
സ്കൂളില്‍ അപ്രതീക്ഷിത സന്ദര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. പ്രഭാതഭക്ഷണ പരിപാടി സ്കൂളില്‍ കൃത്യമായി നടക്കുന്നുണ്ടോ എന്നു അറിയാനായിരുന്നു ഈ അപ്രതീക്ഷിത സന്ദര്‍ശനം. വെല്ലൂര്‍ ജില്ലയിലെ ആദി ദ്രാവിഡര്‍ സ്കൂളിലാണ് മുഖ്യമന്ത്രി എത്തിയത്. രാവിലെ ഏഴരയോടെ മുഖ്യമന്ത്രി സ്കൂളില്‍ എത്തിയിരുന്നു.
വെല്ലൂര്‍ ജില്ലാ കളക്ടര്‍ കുമരവേല് പാണ്ഡ്യന്, വെല്ലൂര്‍ കോര്പ്പറേഷന് കമ്മീഷണര്‍ എന്നിവര്‍ മുഖ്യമന്ത്രിയ്ക്കൊപ്പം എത്തി. 132 കുട്ടികളാണ് സ്കൂളിലുള്ളത്. കുട്ടികള്‍ക്കു നല്കുന്ന ഭക്ഷണത്തെ കുറിച്ചും, അതിന്റെ ഗുണനിലവാരത്തെപ്പറ്റിയും പ്രധാന അദ്ധ്യാപകനില്‍ നിന്നു ചോദിച്ചറിഞ്ഞു. കൂടാതെ കുട്ടികള്‍ക്കു ഭക്ഷണം വിളമ്പി കൊടുത്തിട്ടാണ് അദ്ദേഹം സ്കൂളില്‍ നിന്നു പോയത്.
ആദി ദ്രാവിഡര്‍ സ്കൂളിലെ പ്രധാന അദ്ധ്യാപകന് അന്‍പഴകനോട് സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം, അവരുടെ പഠന നിലവാരം എന്നിവയെക്കുറിച്ചെല്ലാം മുഖ്യമന്ത്രി തിരക്കി. രാവിലെ സ്കൂളില്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ എനിയ്ക്ക് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല, അപ്രതീക്ഷിത സന്ദര്‍ശനം ആയതുകൊണ്ട് ഞങ്ങള്‍ ഞെട്ടിപ്പോയി. കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം വിളമ്പി നല്കാന് പോലും അദ്ദേഹം തയാറായി. മാന്യമായ പെരുമാറ്റമാണ് അദ്ദേഹത്തില്‍ നിന്നുണ്ടായതെന്നും പ്രധാന അദ്ധ്യാപകന് അന്പഴകന് പറഞ്ഞു.






