
തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളം 12.01 ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയെന്ന് 2022 ലെ സാമ്പത്തികാവലോകന റിപ്പോര്‍ട്ട്. 2012-13 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്.
പ്രതികൂല ഘടകങ്ങളെ മറികടക്കാന്‍ പ്രഖ്യാപിച്ച രണ്ടു ഉത്തേജക പാക്കേജുകളും സംസ്ഥാന സര്‍ക്കാര്‍ ധനനയത്തില്‍ സ്വീകരിച്ച വ്യത്യസ്ത നിലപാടുകളാണ് വളര്‍ച്ചയെ സഹായിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന ബജറ്റിന് മുന്നോടിയായി ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് നിയമസഭയില്‍ സാമ്പത്തികാവലോകന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
റവന്യുക്കമ്മിയും ധനക്കമ്മിയും കുറഞ്ഞു. വരുമാനത്തില്‍ വര്‍ധനയുണ്ടായി. ജി.എസ്.ടി. സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയില് വലിയ സമ്മര്‍ദമാണുണ്ടാക്കിയത്. എങ്കിലും കോവിഡ് ആഘാതത്തില്‍നിന്നു കരകയറി കേരളത്തിന്റെ സമ്പദ്വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലാണ്.
സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉത്പാദനം (ജി.എസ്.ഡി.പി) 2020-21 ലെ 8.43 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍, 2021-22 സാമ്പത്തിക വര്‍ഷം 12.01 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഈ കാലയളവില്‍ ദേശീയ സമ്പദ് വ്യവസ്ഥ 8.7 ശതമാനം വളര്‍ന്നു.
എല്ലാ മേഖലകളിലും ഉയര്‍ന്ന വളര്‍ച്ചാ നിരക്കിന്റെ സ്വാധീനമുണ്ട്. കൃഷിയും അനുബന്ധമേഖലകളും 2020-21 ലെ 0.24 ശതമാനത്തില്‍നിന്ന് 2021-22 ല്‍ 4.64 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
വ്യവസായ മേഖലയിലെ വളര്‍ച്ച 2.82 ശതമാനത്തില്‍ നിന്ന് 3.87 ശതമാനമായി ഉയര്‍ന്നു. സേവന മേഖലകളുടെ സംഭാവന 14.44 ശതമാനത്തില്‍നിന്ന് 17.3 ശതമാനമായി.
മുന്‍ വര്‍ഷങ്ങളിലുണ്ടായ ഓഖി ചുഴലിക്കാറ്റ്, പ്രളയക്കെടുതികള്‍, രണ്ടു ജില്ലകളിലെ നിപ െവെറസ് ബാധ, നോട്ട് നിരോധനം, ജി.എസ്.ടി. പ്രാബല്യത്തില്‍ വന്നത്, കോവിഡ് മഹാമാരി എന്നിവയെല്ലാം സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ മുമ്പെങ്ങുമില്ലാത്തവിധം അസ്ഥിരപ്പെടുത്തി.
കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധവും സംസ്ഥാനത്തിന് ആശങ്കാജനകമായ സാഹചര്യമാണു സൃഷ്ടിച്ചത്. ഇതിനെയെല്ലാം മറികടന്നാണ് സംസ്ഥാനം വളര്‍ച്ചയുടെ പാതയില്‍ മുന്നേറിയത്.
2020 മാര്‍ച്ചിലും 2021 ജൂണിലും പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ രണ്ടു സാമ്പത്തിക പാക്കേജുകള്‍, 2021 ജൂെലെയില്‍ ചെറുകിട വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനായി പ്രഖ്യാപിച്ച 5,650 കോടി രൂപയുടെ അനുബന്ധ പാക്കേജും വളര്‍ച്ചയെ സഹായിച്ചു.
ഇതിനൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ സജീവമായ നയ ഇടപെടലുകളുമുണ്ടായി. 2020-21ല്‍ വളര്‍ച്ച നിരക്കില്‍ ഇടിവ് ഉണ്ടായെങ്കിലും ഇപ്പോള്‍ അത് മെച്ചപ്പെട്ടുവരുന്നതായും അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.






