
ലണ്ടന്‍ : ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരമായി എലിസബത്ത് രാജ്ഞിയെ കൊല്ലാന്‍ പോയി അറസ്റ്റിലായ ഇന്ത്യന്വംശജന് മേല്‍ രാജ്യദ്രോഹക്കുറ്റം. 2021 ലെ ക്രിസ്മസ് ദിനത്തില്‍ തോക്കുമായി ബ്രിട്ടീഷ് രാജ്ഞിയുടെ താമസസ്ഥലത്തേക്ക് കയറിയ ജസ്വന്ത് സിംഗ് ചായില്‍ എന്ന സിഖുകാരന് വിന്‍സര്‍ കാസില്‍ പരിസരത്ത് വെച്ച് പിടിയിലാകുകയായിരുന്നു. 1981 ന് ശേഷം ബ്രിട്ടനില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുന്ന ആദ്യയാളായിട്ടാണ് ജസ്വന്ത് മാറിയത്.
പിടിയിലാകുമ്പോള്‍ കറുത്ത വസ്ത്രവും മാസ്ക്കുമണിഞ്ഞ് തോക്കും കൈവശം ഉണ്ടായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ താന്‍ ബ്രിട്ടിഷ് റാണിയെ കൊല്ലാന്‍ വന്നെന്ന് പറയുകയായിരുന്നു. കാസിലിന്റെ പരിസരത്തേക്ക് കയറും മുമ്പായി ഒരു വീഡിയോ ഇയാള്‍ റെക്കോഡ് ചെയ്തിരുന്നു.'' ചെയ്തുകൊണ്ടിരിക്കുന്ന കാര്യത്തിനും ചെയ്യാന്‍ പോകുന്ന കാര്യത്തിനും ക്ഷമ ചോദിക്കുന്നതായി ഇയാള്‍ വീഡിയോയില്‍ പറഞ്ഞു. താന്‍ എലിസബത്ത് രാജ്ഞിയെ കൊല്ലാന്‍ ശ്രമിക്കാന്‍ പോകുകയാണെന്നും ഇത് 1919 ല്‍ കൂട്ടക്കുരുതിയ്ക്ക് ഇരയായവര്‍ക്ക് വേണ്ടിയുള്ള പ്രതികാരമാണെന്നും പറഞ്ഞു.
ചായില്‍ ആക്രമിക്കാന്‍ ഒരുങ്ങുന്ന സമയത്ത് എലിസബത്ത് റാണിയും മകന് ചാള്‍സും മറ്റു കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചായിലിനെ തോക്കുമായി പിടികൂടി. 'സൂപ്പര്‍സോണിക് എക്സ് ബോ' തോക്ക് ഇയാളില്‍ നിന്നും കണ്ടെത്തുകയും ചെയ്തു. യുകെയില്‍ 1981 ന് ശേഷം രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുന്ന ആദ്യത്തെയാളാണ് ചായില്‍. ലണ്ടനിലെ ഓള്‍ഡ് ബെയ്ലി കോടതിയില്‍ ഹാജരാക്കി. മാര്‍ച്ച് 31 വരെ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ സെപ്തംബറില്‍ 90 ാം വയസ്സില്‍ രാജ്ഞി മരണമടഞ്ഞിരുന്നു.
അതേസമയം ചായില്‍ മാനസീകരോഗിയാണെന്നാണ് കുടുംബം പറയുന്നത്. ''എന്റെ വസ്ത്രങ്ങള്‍, ഷൂസ്, ഗ്ളൗസ്, മാസ്ക്ക് എന്നിവ മാറ്റരുത് പോസ്റ്റുമാര്‍ട്ടം ചെയ്യരുത്. മൃതദേഹത്തില്‍ സുഗന്ധദ്രവ്യം പൂശരുത് എന്നെല്ലാം എഴുതിയ കത്തും കണ്ടെത്തിയിരുന്നു. 1919 ല്‍ അമൃത്സറിലെ ജാലിയന്‍ വാലാ ബാഗില്‍ നിരായുധരായി ഒരു സമ്മേളനത്തിന് വന്നു ചേര്‍ന്ന ഇന്ത്യാക്കാര്‍ക്ക് നേരെ ബ്രിട്ടീഷ് സൈനികര്‍ നിറയൊഴിച്ച സംഭവത്തില്‍ 400 പേരാണ് മരണമടഞ്ഞത്. ഈ സംഭവത്തില്‍ ബ്രിട്ടന് മാപ്പു പറയണമെന്ന് ദീര്‍ഘനാളായി ഇന്ത്യയുടെ ആവശ്യമാണ്.






