
ബാര്‍മര്‍: വിദ്വേഷപ്രസംഗം നടത്തുകയും മതവികാരം വ്രണപ്പെടുത്തുകയും ശത്രുതയുണ്ടാക്കുന്ന പരാമര്‍ശം നടത്തുകയും ചെയ്തതിന്റെ പേരില്‍ യോഗാ ഗുരു ബാബാ രാംദേവിനെതിരേ കേസ്. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഈ മാസം ആദ്യം രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കവേ രാംദേവ് മുസ്ളീം ക്രിസ്ത്യന്‍ മത വിഭാഗങ്ങള്‍ക്കെതിരേ വിദ്വേഷപരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.
പത്തായിഖാന് എന്ന പ്രദേശവാസി നല്കിയ പരാതിയഇല്‍ ചൗഹട്ടന് പോലീസാണ് കേസ് എടുത്തിരിക്കുന്നത്. മതം, വംശം, ജനനസ്ഥലം, താമസസ്ഥലം എന്നിവയുടെ പശ്ചാത്തലത്തില്‍ വിവിധ മതക്കാര്‍ തമ്മില്‍ ശത്രുതയുണ്ടാക്കി, മറ്റുള്ളവരുടെ വിശ്വാസത്തെ അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്തു. പൊതുസ്ഥലത്ത് പറയാന്‍ കൊള്ളാത്ത വാക്കുകള്‍ പറഞ്ഞു തുടങ്ങിയ കുറ്റങ്ങളാണ് ചൗഹട്ടന് പോലീസ് രാംദേവിനെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
ഫെബ്രുവരി 2 ന് നടന്ന യോഗത്തിലാണ് ഇസ്ളാം ക്രിസ്തു മത വിശ്വാസങ്ങളെ രാംദേവ് അപഹസിച്ചത്. ഹിന്ദുയിസം നല്ലതിനെ പിന്തുടരാന് പഠിപ്പിക്കുമ്പോള്‍ മറ്റു രണ്ടു മതങ്ങള്‍ മതംമാറ്റത്തിനാണ് താല്‍പ്പര്യം കാട്ടുന്നതെന്നും പറഞ്ഞു. മുസ്ളീം ക്രിസ്തുമത വിശ്വാസങ്ങള്‍ ഭീകരത കൊണ്ടുവരാനും ഹിന്ദുക്കളായ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു വന്നു മതം മാറ്റണമെന്നുമാണ് പഠിപ്പിക്കുന്നതെന്നായിരുന്നു രാംദേവിന്റെ പരാമര്‍ശം.






