
ബംഗ്ലാദേശില്‍ ഒറ്റരാത്രികൊണ്ട് 14 ക്ഷേത്രങ്ങള്‍ അജ്ഞാതര്‍ തകര്‍ത്തു. ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ നശിപ്പിച്ചതായും ഇവ ക്ഷേത്രക്കുളങ്ങളില് കണ്ടെത്തിയതുമായാണ് പോലീസ് റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച പുലര്‍ച്ച വരെയുളള സമയങ്ങളിലാണ് പല ഗ്രാമങ്ങളിലും ആക്രമണം നടന്നതെന്ന് ബലിഡങ്കി പോലീസ് ഓഫീസര്‍ ഖൈറുല്‍ അനം പറഞ്ഞു.
അജ്ഞാതര്‍ ഇരുട്ടിന്റെ മറവില്‍ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുറ്റവാളികളെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടങ്ങള്‍ മതസൗഹാര്‍ദ്ദത്തിന്റെ കേന്ദ്രങ്ങളാണെന്നും സാമൂദായിക പ്രശ്നങ്ങളൊന്നും ഇവിടെ അവശേഷിക്കുന്നില്ലെന്നും ഹിന്ദു സാമുദായിക നേതാവും യൂണിയന് പരിഷത്ത് ചെയര്‍മാനുമായ സമര് ചത്തര്ജി പറഞ്ഞു. എന്നാല്‍ ഇത് രാജ്യത്തിന്റെ സമാധാനപരമായ സാഹചര്യം തകര്‍ക്കാനുളള ആസൂത്രിത ശ്രമമാണെന്നാണ് താക്കൂര്‍ഗാവ് പോലീസ് മേധാവി അഭിപ്രായപ്പെട്ടു.






