
കണ്ണൂര്‍: മേലെ ചൊവ്വയിലെ കട്ടക്കയം സെബാസ്റ്റിയന്റെ ഭാര്യ ലൈസാമ്മയുടെ ഭൗതിക ശരീരം പയ്യാമ്പലം വാതക ശ്മശാനത്തിലെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. ഉത്തരമലബാര്‍ മേഖലയില്‍ കത്തോലിക്ക സഭയില്‍ ആദ്യമായാണു മൃതദേഹം ദഹിപ്പിക്കുന്ന ചടങ്ങു നടന്നത്.
ഭാര്യയുടെ മൃതദേഹം ദഹിപ്പിക്കണമെന്ന ആവശ്യവുമായി സെബാസ്റ്റിയന് ഇടവകയെയും അതിരൂപതയെയും സമീപിച്ചപ്പോള്‍ പൂര്‍ണ പിന്തുണയാണു സഭ നല്‍കിയത്. ഇടവക വികാരി ഫാദര്‍ തോമസ് കൊളങ്ങയില്‍ ലൈസാമ്മയുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം പയ്യാമ്പലത്തെത്തി പ്രാര്‍ഥനാ ശ്രുശ്രൂഷകള്‍ നടത്തിയ ശേഷമാണു ബന്ധുക്കള്‍ ഉള്‍പ്പെടെ നുറുകണക്കിനാളുകളുടെ സാന്നിധ്യത്തില്‍ ഭൗതികശരീരം ദഹിപ്പിച്ചത്.
മൃതദേഹങ്ങള്‍ കല്ലറയില്‍ അടക്കം ചെയ്യുന്നതിനു പകരം ചിതയില്‍ ദഹിപ്പിക്കണമെന്നു കത്തോലിക്ക സഭ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും പ്രാബല്യത്തില്‍ വന്നിരുന്നില്ല. തന്റെയും ഭാര്യയുടെയും ഭൗതികശരീരം ദഹിപ്പിച്ചാല്‍ മതിയെന്നു നേരത്തെ തീരുമാനിച്ചിരുന്നുവെന്നും ബൈബിളില്‍ എല്ലാം അഗ്നിയിലും മണ്ണിലും വിലയിക്കുന്നുവെന്നു പറഞ്ഞിട്ടുണ്ടെന്നും സെബാസ്റ്റിയന് പറഞ്ഞു.
പ്രണയിച്ചാണു ലൈസാമ്മയെ വിവാഹം കഴിച്ചത്. പ്രിയതമയെ അഗ്നിയ്ക്കു സമര്‍പ്പിക്കുകയാണെന്നും സെബാസ്റ്റിയന് പറഞ്ഞു. സഭയുടെയും തന്റെ ഗുരുക്കന്മാരായ പിതാക്കന്മാരുടെയും പൂര്‍ണ പിന്തുണ ലഭിച്ചുവെന്നും ഇതു മാറ്റത്തിനു തുടക്കമിടുമെന്നും സെബാസ്റ്റിയന് കൂട്ടിച്ചേര്‍ത്തു.
നൂറ്റാണ്ടുകളായി തുടര്‍ന്നു പോരുന്ന പരമ്പരാഗത രീതിയില്‍ നിന്നും മാറി ചിന്തിക്കാനുള്ള സെബാസ്റ്റിയന്റെ തീരുമാനം സഭയുടെ കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങളുടെ അടയാളമാണെന്ന് ഫാദര്‍ തോമസ് കൊളങ്ങയില്‍ പറഞ്ഞു. ജര്‍മ്മനിയിലൊക്കെ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതു കണ്ടിട്ടുണ്ടെന്നും ഇതു പുരോഗമനപരമായ പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു.
മാനന്തവാടി പുതിയാപ്പറമ്പില്‍ കുടുംബാംഗമാണു െലെസാമ്മ. ഫെബി, മിഷേല്‍, നെറ്റി നോറ എന്നിവരാണു മക്കള്‍. കോവിഡ് ബാധിച്ചു മരിച്ച സഭാ വിശ്വാസികളുടെ മൃതദേഹം മുന്‍പു ദഹിപ്പിച്ചിട്ടുണ്ട്. കല്ലറയില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്തു വരുന്ന രീതിയോട് സെബാസ്റ്റിയന് നേരത്തെ തന്നെ വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു.






