
കൊല്‍ക്കത്ത: ത്രിപുരയിലെ 60 സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ തിരക്കുപിടിച്ച പ്രചരണത്തിലാണ് ബിജെപി. എന്നാല്‍ ത്രിപുരയിലെ ചെറുപാര്‍ട്ടിയായ തിപ്രമോത ബിജെപിയ്ക്ക് തലവേദന ഉയര്‍ത്തി കൊമ്പു കോര്‍ക്കുകയാണ്. കമ്യൂണിസ്റ്റിന്റെയും കോണ്‍ഗ്രസിന്റെയും ബി ടീമായിട്ട് നില്‍ക്കുകയാണ് തിപ്ര മോതയെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ആക്ഷേപത്തിന് മറുപടിയുമായി എത്തുകയാണ് പാര്‍ട്ടിയുടെ തലവന്‍ പ്രദ്യോത് കിഷോര്‍ ഡെബ്ബര്മ.
തിപ്രമോത ആരുടേയും മുന്നില്‍ തലകുനിയ്ക്കില്ലെന്നും ആരുടേയും ബി ടീമും ആകാന്‍ പോകുന്നില്ലെന്ന് രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയെ അറിയിക്കുകയാണെന്ന് ഡെബ്ബര്മ പറഞ്ഞു. നാഗാലാന്റിലും മേഘാലയയിലും മിസോറമിലും തമിഴ്നാട്ടിലും ആരാണ് ബി ടീമെന്ന് അമിത് ഷാ ചിന്തിക്കണമെന്നും ഇവിടെല്ലാം ബിജെപി മറ്റുപാര്‍ട്ടികളുടെ ബി ടീമാണെന്നും പറഞ്ഞു.
നാഗാലാന്റില്‍ ബിജെപി ബി.ടീമാണ്. മേഘാലയയിലും ഷില്ലോംഗിലും ഗാരോ ഹില്‍സിലും അവര്‍ ആരുടെയൊക്കെയോ ബി ടീമാണ്. മിസോറത്തിലും ബിജെപി മറ്റുള്ളവരുടെ വാലാണ്. തമിഴ്നാട്ടില്‍ എഐഎഡിഎംകെ യുടെ ബി ടീമാണ്. പഞ്ചാബില്‍ അകാലിദളിലും. ഇന്ത്യയില്‍ ബിജെപി പലയിടത്തും ബി ടീമാണെന്ന് അമിത്ഷാ തിരിച്ചറിയണമെന്ന് പറഞ്ഞ ഡബ്ബര്മ ആരൊക്കെ കൂടെ കൂടിയാലും തിപ്രമോത ബിജെപിയുടെ മുന്നില്‍ നട്ടെല്ലു വളയ്ക്കുമെന്ന് കരുതേണ്ടെന്നും പറഞ്ഞു.
തന്െ മുത്തച്ഛന് ബീര്‍ ബിക്രമസിംഗിനെ ഏറ്റെടുത്തിരിക്കുന്ന ബിജെപി പക്ഷേ അദ്ദേഹത്തിന്റെ മണ്ണ് താന്‍ നിങ്ങള്‍ക്ക് വില്‍ക്കുമെന്ന് കരുതേണ്ടെന്നും പറഞ്ഞു. തങ്ങള്‍ ബി ടീമാണെങ്കില്‍ എന്തിനാണ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത് എന്തിനാണെന്നും ഒരു കരാറിനും വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നും വന്നതോടെയാണോ ഇപ്പോള്‍ ഞങ്ങള്‍ ബി ടീമായതെന്നും ചോദിച്ചു. സാന്റിര് ബസാറില്‍ നടന്ന ഒരു റാലിയില്‍ അമിത്ഷായുടെ പ്രസ്താവനയ്ക്കായിരുന്നു മറുപടി.
കോണ്‍ഗ്രസും കമ്യൂണിസ്റ്റുമായിരുന്നു നേരത്തേ ഇവിടെ നേര്‍ക്കുനേര്‍ മത്സരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവര്‍ ഒരുമിച്ച് ബിജെപിയെ എതിര്‍ക്കുകയാണ്. അവരുടെ വാലായി ഇപ്പോള്‍ തിപ്രമോതയും ഉണ്ട്. ഇവര്‍ നല്കുന്ന വ്യാജ വാഗ്ദാനത്തില്‍ വീണ് അവര്‍ക്ക് വോട്ടു ചെയ്യരുതെന്ന് താന്‍ ആദിവാസി സഹോദരന്മാരോടും സഹോദരിമാരോടും പറയുകയാണ് എന്നായിരുന്നു അമിത്ഷാ സാന്റിര്ബസാറില് റാലിയെ അഭിസംബോധന ചെയ്ത് പറഞ്ഞത്.






