
കൊല്ലം തങ്കശേരിയിലെ ഹോട്ടലില്‍ താമസിച്ച ആരോപണത്തില്‍ വിശദീകരണം നല്കി ചിന്ത ജെറോം. അമ്മയുടെ ചികിത്സയുടെ ഭാഗമായാണ് അവിടെ താമസിച്ചത്. വാടകയായി 20,000 രൂപ കൊടുത്തിരുന്നു. ഹോട്ടലിന്റെ പേരില്‍ എന്തെങ്കിലും ക്രമക്കേട് ഉണ്ടെങ്കില്‍ അത് തന്നെ ബാധിയ്ക്കില്ല. തന്റെ സ്വകാര്യത പുറത്തു പറയുന്നതില്‍ വിഷമമുണ്ടെന്നും ചിന്താ ജെറോം പറഞ്ഞു.
രണ്ട് വര്‍ഷമായി ചിന്ത കൊല്ലത്തെ തങ്കശേരിയിലെ ഹോട്ടലിലാണ് താമസിയ്ക്കുന്നതെന്നും ഇവരുടെ സ്രോതസ്സ് പരിശോധിയ്ക്കണമെന്നും ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളം വിജിലന്‍സിനു പരാതി നല്‍കിയിരുന്നു. തങ്കശേരിയിലെ ഹോട്ടലിനു നേരെ മുന്‍ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയിരുന്നു.
'കോവിഡ് സമയത്ത് അമ്മയ്ക്ക് സ്ട്രോക്ക് ഉണ്ടായി. ഇതിനു ചികിത്സ ചെയ്തത് തിരുവനന്തപുരത്തായിരുന്നു. ചികിത്സയ്ക്കു ശേഷം അമ്മയ്ക്ക് നടക്കാന്‍ പ്രയാസമായിരുന്നു. വീട്ടില്‍ കിടപ്പു മുറിയോടു ചേര്‍ന്നു ശുചിമുറി സൗകര്യം ഇല്ലായിരുന്നു. ഇതോടൊപ്പം ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താന്‍ ആയുര്‍വേദ ചികിത്സ ആവശ്യമായിരുന്നു. അതോടെയാണ് താമസം അവിടേക്കു മാറിയത്. അമ്മയെ വീട്ടില്‍ തനിച്ചാക്കി എനിയ്ക്ക് പോകാന്‍ കഴിയില്ലായിരുന്നു. അമ്മയുടെ ചികിത്സയ്ക്കാണ് ഞാന്‍ പ്രാധാന്യം നല്‍കിയത്. ഞാനും അമ്മയും ചേര്‍ന്നാണ് അപ്പാര്‍ട്ട്മെന്റില്‍ വാടകയായി ഇരുപതിനായിരം രൂപ നല്‍കിയത്. ഹോട്ടലിന്റെ പേരില്‍ ക്രമക്കേടുണ്ടെങ്കില്‍ അത് തന്നെ ബാധിക്കില്ലെന്നും, വിമര്‍ശിക്കുന്നവര്‍ തന്റെ അവസ്ഥ മനസിലാക്കണമെന്നും,' ചിന്താ പറഞ്ഞു.






