
ന്യൂഡല്‍ഹി : പാര്‍ലമെന്റ് സ്തംഭനത്തെ തുടര്‍ന്ന് ലോകസഭയില്‍ നിന്നു രാജിവയ്ക്കുന്നതിനെ കുറിച്ചു പോലും ചിന്തിച്ചുപോകുന്നുവെന്ന് ബി.ജെ.പി നേതാവ് എല്‍.കെ അഡ്വാനി. തുടര്‍ച്ചയായി ഉണ്ടാകുന്ന പാര്‍ലമെന്റ് സ്തംഭന സമയത്ത് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് സഭയില്‍ ഉണ്ടായിരുന്നുവെങ്കില്‍ നിരാശനാകുമായിരുന്നുവെന്നും അഡ്വാനി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാറിനൊടാണ് അഡ്വാനി തന്റെ അനിഷ്ടം തുറന്നു പറഞ്ഞത്.
നോട്ട് അസാധുവാക്കിയ നടപടിയും അഗസ്റ്റാ വെസ്റ്റ്ലാന്റ് പ്രശ്നവും ചൂണ്ടിക്കാട്ടി പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി സ്തംഭിക്കുന്നതില്‍ അഡ്വാനി ക്ഷുഭിതനായിരുന്നു. സഭാ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സ്പീക്കര്‍ സുമിത്ര മഹാജനോ പാര്‍ലമെന്ററി കാര്യ മന്ത്രിയോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.






