
ചൈന ഉള്‍പ്പെടെയുളള 6 രാജ്യങ്ങളില്‍ നിന്നുളള വിമാന യാത്രക്കാര്‍ക്ക് എയര്‍സുവിധ നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ കാലയളവിലായിരുന്നു എയര്‍സുവിധ രജിസ്ട്രേഷന് നിര്‍ബന്ധമാക്കിയിരുന്നത്. എന്നാല്‍ ഇതോടെ വിദേശത്തുനിന്നും എത്തുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടിവരില്ല.
ഹോങ്കോങ്, സിംഗപ്പൂര്‍, ജപ്പാന്, ദക്ഷിണ കൊറിയ, തായ്ലന്റ്, ചൈന എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ ജനുവരി 1 മുതല്‍ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന ഫലം എയര്‍സുവിധ പോര്‍ട്ടല്‍ വഴി അപ്ലോഡ് ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. രാജ്യത്തെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുവെന്ന വിദഗ്ധ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇത്തരമൊരു വ്യവസ്ഥ നടപ്പിലാക്കിയത്.
കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച യാത്രക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും കാര്യമായ ലക്ഷണം ഇല്ലെന്നതിനാല്‍ കോവിഡ് കണക്ക് കൂടിയാലും ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.






