
കൊച്ചി: ലൈഫ് മിഷന് പദ്ധതിയിലെ കോഴ ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഐഎഎസ് ഓഫീസര്‍ എം.ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായര്‍ തുടങ്ങിയവരെ ഈ കേസില്‍ ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷനിലെ കോഴ ഇടപാടിന്റെ മുഖ്യ സൂത്രധാരന്‍ ശിവശങ്കര്‍ ആണെന്നും സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നുമാണ് മൊഴി.
ലൈഫ് മിഷന് കരാര്‍ യൂണിടാകിന് ലഭിക്കാന്‍ 4.48 കോടി രൂപ കോഴ നല്‍കിയെന്ന ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കള്ളപ്പണം തടയല്‍ നിയമപ്രകാരം ഇ.ഡി കേസെടുത്തത്.
ലൈഫ് മിഷന് ഇടപാടിലെ കോഴ, ശിവശങ്കറിന്റെ പൂര്‍ണ അറിവോടെയായിരുന്നുവെന്നും സ്വപ്ന സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്. ലൈഫ് മിഷന് പദ്ധതിയില്‍ 6 കോടിയുടെ കോഴ ഇടപാട് നടന്നെന്നാണ് സ്വപ്ന സുരേഷ് ആവര്‍ത്തിച്ചത്. ഇഡി ശേഖരിച്ച തെളിവുകളില്‍ ഉന്നത സ്വാധീനത്താല്‍ കൃത്രിമം നടത്തിയോ എന്ന് അറിയില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. കോഴ പണം ലഭിച്ചവരില്‍ എം ശിവശങ്കര്‍ ഉണ്ടെന്ന് കേസിന്റെ ചോദ്യം ചെയ്യലിന് ഹാജരായ സരിതും പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം 31ന് ശിവശങ്കറിന് ഹാജരാകാന്‍ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും വിരമിക്കുന്ന ദിവസമായതിനാല്‍ എത്താനാവില്ലെന്നും മറ്റൊരു ദിവസം എത്താമെന്നും ശിവശങ്കര്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇന്നത്തേക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.






