ന്യൂഡല്‍ഹി: തുര്‍ക്കി-സിറിയ അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ രക്ഷാദൗത്യത്തില്‍ നിര്‍ണായക പങ്ക് വഹിച്ച് ഇന്ത്യയില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് സംഘം. ഭൂകമ്പമുണ്ടായ കഴിഞ്ഞ തിങ്കളാഴ്ച തന്നെ തുര്‍ക്കിയില്‍ എത്തിയ എന്‍ഡിആര്‍എഫ് സംഘത്തിലെ നാലംഗ ഡോഗ് സ്ക്വാഡിന്റെ സേവനമാണ് ഇപ്പോള്‍ രാജ്യാന്തര മാധ്യമങ്ങളില്‍ സജീവം. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടയില്‍ തണുത്തു മരവിച്ച് മരണവുമായി മല്ലിട്ടുകഴിഞ്ഞിരുന്ന രണ്ട് പെണ്‍കുട്ടികളെയാണ് ഡോഗ് സ്ക്വാഡിലെ റോമിയോയയും ജൂലിയും രക്ഷപ്പെടുത്തിയത്.
അവശിഷ്ടങ്ങള്‍ക്കിടയില്‍ മനുഷ്യസാന്നിധ്യം തിരിച്ചറിയാന്‍ പ്രത്യേകം പരിശീലനം ലഭിച്ച ലാബ്രഡോര്‍ വിഭാഗത്തില്‍പെട്ട നായ്ക്കളാണ് റോമിയോയും ജൂലിയും. നുര്‍ദാഗിയില്‍ കുട്ടികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ഇവര്‍ കുരച്ച് രക്ഷാപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഇതോടെ രക്ഷാപ്രവര്‍ത്തകര്‍ ഇവിടെയുള്ള കോണ്‍ക്രീറ്റ് പാളികള്‍ പൊടിച്ച് പരിശോധന നടത്തിയ എന്‍ഡിആര്‍എഫ് സംഘം അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആറു വയസ്സുകാരി ബാരനെ രക്ഷപ്പെടുത്തി. ഫെബ്രുവരി ഒമ്പതിനാണ് ഈ സംഭവം. പിറ്റേന്ന് ഒമ്പത് വയസ്സുകാരിയായ മിരയ് കരാറ്റസ് എന്ന പെണ്‍കുട്ടിയെയും സംഘം ജീവനോടെ പുറത്തെടുത്തു.
എന്‍ഡിആര്‍ഫ് സെക്കന്‍ഡ് ബറ്റാലിയന്റെ ഭാഗമാണ് റോമിയോയും ജൂലിയും. ഇവര്‍ക്കൊപ്പം ഹണി, റാംബോ എന്നീ നായ്ക്കളുമുണ്ട്. തൂര്‍ക്കിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ മൂന്ന് എന്‍ഡിആര്‍എഫ് സംഘങ്ങളെയാണ് അയച്ചിരിക്കുന്നത്. ഗാസിയാബാദ്, കൊല്‍ക്കൊത്ത, വാരണാസി എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളാണത്. ഇതിനകം തന്നെ അങ്കാറയിലും നുര്ദഗിയില് നിന്നും ഡോഗ് സ്ക്വാഡ് 45 മൃതദേഹങ്ങളും കണ്ടെടുത്തു.
11 മണിക്കൂര്‍ വീതമുള്ള ഷിഫ്ട് ആയാണ് എന്‍ഡിആര്‍എഫ് സംഘത്തിന്റെ പ്രവര്‍ത്തനം. പ്രദേശവാസികളുമായി ആശയവിനിമയത്തിനുള്ള ഭാഷ പ്രശ്നവും കടുത്ത തണുപ്പുമാണ് ദൗത്യസംഘം നേരിടുന്ന പ്രധാന വെല്ലുവിളികള്‍. രാത്രികളില്‍ ഇവിടെ മൈനസ് 10 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില.






