
ദില്ലി : എഐസിസി പ്രവര്‍ത്തക സമിതിയിലേയ്ക്ക് അവകാശവാദമുയര്‍ത്തി കൊടിക്കുന്നില്‍ സൂരേഷ് എംപി. പ്രവര്‍ത്തക സമിതിയിലെത്താന്‍ ദളിത് വിഭാഗത്തില്‍ നിന്ന് യോഗ്യരായവര്‍ കേരളത്തിലുണ്ടെന്നും. ഉയര്‍ന്ന പദവികളിലേക്ക് ദളിത് വിഭാഗത്തെ കേരളത്തില്‍ നിന്നും പരിഗണിച്ചിട്ടില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി.
മറ്റ് ഏതെങ്കിലും സംസ്ഥാനത്തില്‍ ജനിച്ചിരുന്നെങ്കില്‍ തനിക്ക് ഉയര്‍ന്ന പദവിയില്‍ എത്താമായിരുന്നുവെന്നും കേരളത്തില്‍ ജനിച്ചത് കൊണ്ട് അവകാശപെട്ട പല പദവികളില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയെന്നും സുരേഷ്. തരൂരിന് പദവി നൽകുന്നതിനോട് എതിർപ്പില്ല. എന്നാല്‍ ശശി തരൂരിന് പാര്‍ട്ടി നിരവധി അവസരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് ഇപ്പോള്‍ കെപിസിസി പുനസംഘടനയുമായു ബന്ധപ്പെട്ട് പുറത്ത് വരുന്നതെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന് അറിയിച്ചു. ഫെബ്രുവരി 18നകം എല്ലാ ജില്ലകളില്‍ നിന്നുള്ള പാനല്‍ സമര്‍പ്പിക്കാന്‍ കെപിസിസി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പുനഃസംഘടനാ നടപടികള്‍ പാനല്‍ കെപിസിസിക്ക് ലഭിക്കുന്ന മുറയ്ക്ക് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.






