
കുട്ടനാട്: കടുത്ത വേനലില്‍ മലയാളിയുടെ ദാഹമകറ്റാന്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തണ്ണിമത്തനെ നോക്കിയിരിക്കുന്നതാണ് നമ്മുടെ പതിവ്. കേരളത്തിലെ തെരുവോരങ്ങളിലുടനീളം വലിയ വിപണന സാധ്യതയുള്ള തണ്ണിമത്തനുവേണ്ടി കേരളത്തിലെ കച്ചവടക്കാര്‍ ആശ്രയിക്കുന്നത് അന്യസംസ്ഥാനങ്ങളെയാണ്.
സാധാരണഗതിയില്‍ കരപ്രദേശങ്ങളില്‍ കൃഷിചെയ്യാറുണ്ടെങ്കിലും കേരളത്തില്‍ തണ്ണിമത്തന് കൃഷി അത്ര പ്രചാരം നേടിയിട്ടില്ല. എന്നാല്‍ ഈ ധാരണയെ തിരുത്തുകയാണ് തീരപ്രദേശവും കേരളത്തിന്റെ നെല്ലറയുമായ കുട്ടനാട്ടിലെ ഒരു കൂട്ടം വനിതകള്‍. ആലപ്പുഴ വെളിയനാട് ഒന്നാം വാര്‍ഡില്‍ രണ്ടു ജെ.എല്‍.ജി. ഗ്രൂപ്പാണ് നെല്പ്പാടങ്ങളാല് സമൃദ്ധമായ കുട്ടനാട്ടില്‍ തണ്ണിമത്തന് കൃഷി പരീക്ഷിച്ച് വിജയം നേടിയിയത്.
ഷുഗര്‍ബേബി ഇനം തണ്ണിമത്തനാണ് ഇവര്‍ കൃഷി ചെയ്തത്. വെളിയനാട് പത്തിപ്പാലത്ത് 50 സെന്റ് ഭൂമിയില്‍ പരീക്ഷണാടിസ്ഥാനത്തിലായിരുന്നു കൃഷി. നല്ല സൂര്യപ്രകാശംവേണ്ട തണ്ണിമത്തന്കൃഷി ഇവിടെ പാടത്തിന്റെ ചിറയിലായിരുന്നു ചെയ്തത്. 2022 നവംബര്‍ ആദ്യവാരം വിത്തിറക്കിയ കൃഷിയില്‍ നാലുമാസം കൊണ്ട് വിളവെടുപ്പും നടത്തി. കുട്ടനാട്ടിലെ വെളിയനാട് ഒന്നാം വാര്‍ഡിലെ കുടുംബശ്രീ അംഗങ്ങളുടെ കൃഷിയിടത്തിലാണ് തണ്ണിമത്തന് വിളവെടുത്തത്. നെല്‍കൃഷിക്ക് പ്രധാന്യമുളള കുട്ടനാട്ടില്‍ ഇത് ആദ്യമായിട്ടാണ് തണ്ണിമത്തന് വിളവെടുക്കുന്നത്. വെളിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുശ്രീകുമാറാണ് വിളവെടുപ്പ് ഉദ്ഘാടനം ചെയതത്.
വെളിയനാട് ഒന്നാം വാര്‍ഡിലെ കുടുംബശ്രീ (ജെ.എല്‍.ജി) ഗ്രൂപ്പുകളായ ലക്ഷമി, ശ്രീഭദ്ര ഗ്രൂപ്പുകളുടെ കൃഷിയടത്തിലായിരുന്നു തണ്ണിമത്തന് കൃഷി. നവംബര്‍ ആദ്യവാരം വിത്തിട്ട് ഫെബ്രുവരി 7 ന് വിളവെടുത്തുവെന്ന് ലക്ഷ്മി (ജെ.എല്‍.ജി) ഗ്രൂപ്പ് അംഗം മഞ്ജുളാദേവി പറഞ്ഞു. രണ്ടു വര്‍ഷം മുമ്പ് പായിപ്പാട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളുടെ കൃഷിയിടത്തില്‍ തണ്ണിമത്തന് വിളവെടുത്തത് പത്രത്തില്‍ കണ്ടിരുന്നു. അന്ന് മുതല്‍ മനസ്സില്‍ തോന്നിയ ആഗ്രഹമാണ് തങ്ങളുടെ കൃഷിയിടത്തില്‍ തണ്ണിമത്തന് വിളയിക്കണമെന്നത്. ലക്ഷ്മി ജെ.എല്‍. ജി. ഗ്രൂപ്പ് അംഗം ലതകുമാരി രാധകൃഷണന് പറഞ്ഞു.
തങ്ങളുടെ ആശയം ആദ്യം ഒന്നാം വാര്‍ഡ് മെമ്പര്‍ കെ.എസ്. വിനീഷ്നോടാണ് പറഞ്ഞത്. മെമ്പര്‍ കൃഷിഓഫീസറുമായി ചേര്‍ന്ന് നല്ല ഇനം തണ്ണിമത്തന് വിത്തുകള്‍ നല്കി. കൃഷിയെക്കുറിച്ച് രണ്ടു ദിവസത്തെ ക്ലാസും നല്കി. വെളളരി പടര്‍പ്പ് പോലെ നിലംപറ്റിയാണ് ഇവ വളരുന്നത്. തണ്ണിമത്തന്റെ പുറത്ത് വെളളനിറത്തില്‍ പൂപ്പല്‍ പോലെ കണ്ടപ്പോഴാണ് വിളവെടുപ്പിന് പാകമായെന്ന് മനസ്സിലായിയത്. ലതകുമാരി പറഞ്ഞു.
തണ്ണിമത്തന് പുറമേ ഏത്തവാഴ, പാവയ്ക്ക, താക്കാളി, വെളളരി, വെണ്ട, ചീര എന്നിവയാണ് ഇവിടെ കൃഷി ചെയ്യുന്നത്. വിളകള്‍ വീടുതോറും നടന്നാണ് വില്‍പ്പന നടത്തുന്നതെന്നും ജൈവവളം ഉപയോഗിച്ച് വിളയുന്ന പച്ചക്കറി സാധനങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ നല്ല ആവശ്യക്കാര്‍ ഉണ്ടെന്നും വെളിയനാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ കെ.എസ്. വിനീഷ് പറഞ്ഞു. വരുംവര്‍ഷം വാര്‍ഡിലെ എല്ലാ ജെ.എല്‍.ജി. ഗ്രൂപ്പിലും തണ്ണിമത്തന് കൃഷി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വേനല്‍ക്കാലത്ത് നമ്മുടെ നാട്ടില്‍ ധാരാളമായി ലഭിക്കുന്ന വെള്ളരി വര്‍ഗത്തില്‍പ്പെട്ട വിളയാണ് തണ്ണിമത്തന്. 96% ജലാംശമുള്ള തണ്ണിമത്തനില്‍ കൂടുതല്‍ ഇരുമ്പുസത്തും പഞ്ചസാരയുമാണ് അടങ്ങിയിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തണ്ണിമത്തനില്‍ വലിയ തോതില്‍ കീടനാശിനി പ്രയോഗം നടക്കാറുണ്ട്. നമ്മുടെ അടുക്കളത്തോട്ടത്തില്‍ മൂന്നോ നാലോ തണ്ണിമത്തന് നട്ടാല്‍ വേനല്‍കടുക്കുമ്പോള്‍ ഉപയോഗിക്കാം.
കൃഷി രീതി
സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന തുറസായ സ്ഥലം വേണം കൃഷിക്കായി തെരഞ്ഞെടുക്കാന്‍. ടെറസില്‍ ഗ്രോബാഗിലും തണ്ണിമത്തന് നടാം.
നന്നായി വിളഞ്ഞു പഴുത്ത കായ്കളില്‍ നിന്നെടുത്ത വിത്ത് വേണം നടാന്‍ ഉപയോഗിക്കേണ്ടത്. ഷുഗര്‍ ബേബി എന്ന ഇനമാണ് കേരളത്തില്‍ നടാന്‍ അനുയോജ്യം. കളകള്‍ ചെത്തി മാറ്റി കിളച്ച് പരുവപ്പെടുത്തിയ സ്ഥലത്ത് രണ്ട് മീറ്റര്‍ ഇടവിട്ട് കുഴിയെടുത്താണ് വിത്ത് നടേണ്ടത്. 60 സെ.മി. നീളവും 60 സെ.മീ.വീതിയും 45 സെ.മീ. താഴ്ചയുള്ള കുഴികളെടുത്ത് മേല്‍മണ്ണും അടിവളവും ചേര്‍ത്ത് കുഴി നിറയ്ക്കണം. ഒരു കുഴിയില്‍ നാലോ അഞ്ചോ വിത്തുകള്‍ പാകി അവ മുളച്ചു വരുമ്പോള്‍ ആരോഗ്യമുള്ള മൂന്ന് തൈകള്‍ മാത്രം നിറുത്തി ബാക്കിയുള്ളവ പറിച്ചു കളയാം. തൈകള്‍ പറിച്ചെടുത്ത് ഗ്രോബാഗിലും നടാം. തടത്തില്‍ വിത്തിടുന്നതിന് മുന്‍പ് അടിവളമായി മൂന്നു കിലോഗ്രാം ചാണകവും ചേര്‍ത്ത് മണ്ണിളക്കിയതിനു ശേഷം തടം മൂടണം. ഇതോടൊപ്പം അര കിലോ വേപ്പിന് പിണ്ണാക്ക് കൂടി ചേര്‍ക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. വിത്ത് മുളച്ച് മൂന്നു നാല് ഇല മുളയ്ക്കുമ്പോള്‍ 3 കിലോഗ്രാം മണ്ണിര കമ്പോസ്റും 100 ഗ്രാം കടലപ്പിണ്ണാക്കും മേല്‍വളമായി ചേര്‍ക്കാം. ഒരു മാസത്തിനകം ചെടികള്‍ വള്ളി വീശി തുടങ്ങും. ഈ സമയത്ത് മണ്ണിര കമ്പോസ്റ്റ് ചേര്‍ത്ത് മണ്ണ് ഇളക്കി കൊടുക്കുന്നത് നല്ലതാണ്. ആദ്യസമയത്ത് രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ നനച്ചു കൊടുക്കണം. മണ്ണില്‍ ഈര്‍പ്പം കൂടാതെ നോക്കണം, ഈര്‍പ്പം കൂടിയാല്‍ കായ പൊട്ടാനും മധുരം കുറയാനും കാരണമാകും.
കീടങ്ങളെ എങ്ങനെ തുരത്താം
വെളളരിവര്‍ഗ്ഗ വിളകളെ ആക്രമിക്കുന്ന മത്തന്‍വണ്ട്, കായീച്ച എന്നിവ വിരളമായി തണ്ണിമത്തനേയും ആക്രമിക്കാറുണ്ട്. ചെറിയ കായകളുടെ പുറത്തുളള രോമങ്ങള്‍ ഒരു പരിധിവരെ കായീച്ചകളെ അകറ്റുന്നു. ആക്രമണം രൂക്ഷമാകുക ആണെങ്കില്‍ കാര്ബറില് നാലു ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിച്ച് മത്തന്‍ വണ്ടുകളേയും പഴക്കെണി ഉപയോഗിച്ച് കായീച്ചകളേയും നിയന്ത്രിക്കാം. വിളവെടുക്കാറായ കായകളോട് സമീപത്തുള്ള വള്ളികള്‍ വാടിത്തുടങ്ങിയാല്‍ പാകമായെന്ന് മനസിലാക്കാം.