
മൂന്നര വര്‍ഷത്തോളമായി ജയിലില്‍ കഴിഞ്ഞിരുന്ന നായ്ക്കള്‍ ഇനി സ്വാതന്ത്രത്തിന്റെ ലോകത്തേക്ക്. കാക്കനാട് ജില്ലാ ജയിലിലെ വളര്‍ത്തു നായ്ക്കളായ റാണി, ബ്രൂണോ, ബ്രൂണി, എന്നിവരാണ് ജയില്‍ മോചിതരായത്. ഫെബ്രുവരി 17 ന് ജില്ലാ ജയിലിലെ നായ പരിപാലന കേന്ദ്രത്തില്‍ വളര്‍ന്ന ഡോബര്മാന്, ലാബ്രഡോര്‍ റിട്രീവര്‍, ജര്‍മന്‍ ഷെപ്പേഡ് എന്നീ ഇനത്തില്‍പ്പെട്ട മൂന്ന് നായ്ക്കളെയാണ് ലേലം ചെയ്തത്. മൂന്ന് പേര്‍ക്കും മൂന്നര വയസാണ് പ്രായം.
കളമശേരി സ്വദേശി ഇബ്രാഹിം ആണ് ഇവരെ 8600 രൂപയ്ക്ക് ലേലത്തില്‍ വാങ്ങിയത്. ഡോബര്മാന് 30 കിലോയും മറ്റ് രണ്ട് ഇനത്തിനും 20 കിലോയുമാണ് ഭാരം. തടവുകാരെ നായ്കള്‍ ആക്രമിക്കുമോ എന്ന ഭയവും, നായ്ക്കളെ പരിപാലിക്കാന്‍ ആളില്ലാത്ത അവസ്ഥയുമാണ് ഇവയെ ലേലം ചെയ്യാന്‍ കാരണമെന്ന് കാക്കനാട് ജില്ലാ ജയില്‍ വകുപ്പ് പറയുന്നു.
മൂന്ന് വര്‍ഷം മുമ്പാണ് നായപരിപാലന കേന്ദ്രം ജയിലില്‍ ആരംഭിച്ചത്. വരുമാന മാര്‍ഗം എന്ന രീതിയിലായിരുന്നു ഇതിന് തുടക്കം . നായ്ക്കളെ വളര്‍ത്തുന്നതും, പരിപാലിക്കുന്നതും തടവുകാര്‍ തന്നെയായിരുന്നു. ആദ്യ ഘട്ടത്തില്‍ ബ്രീഡ് ചെയ്തുണ്ടാകുന്ന കുഞ്ഞുങ്ങളെ വിറ്റ് വരുമാനവും ലഭിച്ചു. എന്നാല്‍ ഉദ്യോഗസ്ഥര്‍ മാറിയതോടെ ഇവയുടെ ഭക്ഷണം ഉള്‍പ്പടെയുള്ള പരിപാലനത്തില്‍ തടസം നേരിട്ടു. ഇതോടെ വില്ക്കാന് തീരുമാനിക്കുകയായിരുന്നുവെന്ന് ജയില്‍ സൂപ്രണ്ട് അഖില്‍ എസ് നായര്‍ പറഞ്ഞു. വാക്സിനേഷന്, ഹെല്‍ത്ത് കാര്‍ഡ്, കെന്നല്‍ ക്ലബ് രജിസ്ട്രേഷന് ഉള്‍പ്പെടെ നായ്ക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.






