
ദില്ലി: എന്നെങ്കിലും പാകിസ്ഥാന്റെ നിയന്ത്രണം താലിബാന് ഏറ്റെടുത്താല്‍ അതില്‍ അത്ഭുതപ്പെടാനില്ലെന്നും പാകിസ്ഥാനെ തകര്‍ക്കാന്‍ ഐഎസ്സിന്റെ ആവശ്യമില്ലെന്നും പാകിസ്ഥാന് താലിബാന് തന്നെ ധാരാളമെന്ന് ബംഗ്ലാദേശി എഴുത്തുക്കാരി തസ്ലീമാ നസ്രീന് . കറാച്ചിയിലെ പോലിസ് ആസ്ഥാനത്ത് ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം . വെടിവെപ്പില്‍ ഒമ്പത് പേരായിരുന്നു കൊല്ലപ്പെട്ടത് . സായുധരായ അഞ്ച് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു.
ഇസ്ലാമിക വിരുദ്ധ നിലപാടുകള്‍ സ്വികരിച്ചു എന്ന് ആരോപിച്ച് മതമൗലികവാദികളുടെ വധഭീഷണി നേരിടേണ്ടി വന്ന തസ്ലീമയ്ക്ക് 1994ല്‍ ബംഗ്ലാദേശ് വിടേണ്ടി വന്നിരുന്നു. ശേഷം പ്രവാസ ജീവിതം നയിക്കുകയാണ് തസ്ലീമ . താലിബാന് പാകിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്താലും ഞാന്‍ അത്ഭുതപ്പെടുകയില്ലാ എന്ന് തസ്ലീമ ട്വീറ്റ് ചെയ്തു.
കറാച്ചിയിലെ പോലീസ് ആസ്ഥാനത്ത് വെള്ളിയാഴ്ച്ച പാകിസ്ഥാന് സമയം വൈകിട്ട് ഏഴ് മണിക്കാണ് ഭികരര്‍ ഇരച്ച് കയറിയത്. തുരുതുരാ വെടി വയ്ക്കുകയും ഗ്രനേടാക്രമണം നടത്തുകയും ചെയ്തു. ആക്രമണം നടത്തിയവര്‍ കറാച്ചി പോലീസിന്റെ യൂണിഫോം ധരിച്ചെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ . 2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന് പിടിച്ചെടുത്തതിനുശേഷം, പാകിസ്ഥാന്റെ വടക്ക്, പടിഞ്ഞാറ് ഭാഗത്തുള്ള സുരക്ഷാ ചെക്ക്പോസ്റ്റുകള്‍ ലക്ഷ്യമിട്ടുള്ള ഭീകരവാദം ക്രമേണ വര്‍ദ്ധിച്ചു വരികയാണ്. പാകിസ്ഥാന് തെഹ്രീക്-ഇ-താലിബാന് അഭ്ഗാന് താലിബാനുമായി ആശയങ്ങള്‍ പങ്കിടാറുണ്ട്.
കഴിഞ്ഞ മാസം പെഷവാറിലെ പൊലീസ് കോമ്പൗണ്ടിനുള്ളിലെ പള്ളിയില്‍ 80 ലധികം ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ സ്ഫോടനത്തിന് പിന്നില്‍ പാകിസ്ഥാന് താലിബാന്റെ ഒരു അനുബന്ധ സംഘടനയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത് . ഭീകരരുടെ ലക്ഷ്യം പോലീസ് ഉദ്യോഗസ്ഥരാണെന്ന് ആരോപണവും ഉയരുന്നു.






