
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധം. കണ്ണൂര്‍ ജില്ലയില്‍ നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കരുതല്‍ തടങ്കലിലാക്കി. തളിപ്പറമ്പിലും പയ്യന്നൂരുമായി ഏഴു പേരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന സൂചനയെ തുടര്‍ന്നാണ് നടപടി.
ചുടലയില്‍ മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സുദീപ് ജെയിംസും വി.രാഹുലും ആണ് പിടിയിലായത്. പരിയാരം പോലീസ് സ്റ്റേഷനു മുന്നില്‍ കരിങ്കൊടി കാണിച്ച ആറ് പേര് കസ്റ്റഡിയിലായി.
കാസര്‍ഗോഡ് അഞ്ച് പരിപാടികളിലാണ് മുഖ്യമന്ത്രി ഇന്ന് പങ്കെടുക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നയിക്കുന്ന ജാഥയുടെ ഉദ്ഘാടന ചടങ്ങിലും മുഖ്യമന്ത്രി വൈകിട്ട് പങ്കെടുക്കും. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് 800 പോലീസുകാരെയാണ് ഇന്ന് നിയോഗിച്ചിരിക്കുന്നത്.






