
ഫുട്ബോളിന്റെ കാര്യത്തില്‍ തറവാടികള് എന്ന് വിളിക്കപ്പെടുന്ന ഇംഗ്ളീഷുകാര്‍ക്കും മലയാളികള്‍ക്കും ഒരേ വിധിയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഗെയിമില്‍ പക്ഷേ സമീപകാലത്ത് പ്രതാപം വറ്റിയ നില. ഇംഗ്ളണ്ടുകാര്ക്ക് അടുത്ത കാലത്തൊന്നും ആശ്വസിക്കാന്‍ വക കിട്ടിയിട്ടില്ലെങ്കിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലൂടെ മലയാളികള്‍ക്ക് ഈ സീസണ് രക്ഷയായിട്ടുണ്ട്്. ഞായറാഴ്ച അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയെ നേരിടാന്‍ കേരളാ ബ്ളാസ്റ്റേഴ്സ് ഇറങ്ങുമ്പോള്‍ തങ്ങളുടെ നഷ്ടപ്രതാപം കൂടിയാണ് മലയാളികള്‍ ഐഎസ്എല്ലില്‍ കാണുന്നത്.
ഒട്ടേറെ വിസ്മയങ്ങളുമായിട്ടാണ് ഇത്തവണ ഫൈനല്‍ ഒരുങ്ങുന്നത്. അതില്‍ പ്രധാന കാരണം ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാരഥന്മാരായ സച്ചിനും ഗാംഗുലിയും നേര്‍ക്ക്നേര്‍ വരുന്ന മറ്റൊരു വിധിക്ക് കൂടി കൊച്ചിയിലെ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം സാക്ഷിയാകുന്നു എന്നതാണ് പ്രധാന കാര്യം. ഇന്ത്യന്‍ ക്രിക്കറ്റില്‍ അനേകം നേട്ടങ്ങളുണ്ടാക്കിയ ഈ ഓപ്പണിംഗ് ജോഡികളാണ് ഐഎസ്എല്ലില്‍ രണ്ടു ടീമിന്റെയും അമരക്കാര്‍. രണ്ടുപേരുടേയും ക്ളബ്ബുകള്‍ ഐഎസ്എല്ലില്‍ രണ്ടാം തവണ ഏറ്റുമുട്ടുമ്പോള്‍ ഏറ്റവും സന്തോഷം മലയാളി ആരാധകര്‍ക്കാണ്.
ഇന്ത്യയില്‍ ഏറ്റവും ഫുട്ബോള്‍ ആരാധകരുള്ള കേരളത്തില്‍ ബ്ളാസ്റ്റേഴ്സ് രണ്ടാം ഫൈനലില്‍ ഇറങ്ങുമ്പോള്‍ മലയാളികള്‍ ആദ്യം ആഗ്രഹിക്കുന്നത് പഴയ തോല്‍വിക്കുള്ള പകരം വീട്ടലാണ്. ആദ്യ സീസണില്‍ ഡേവിഡ് ജെയിംസിന് കീഴില്‍ ഇറങ്ങിയ ബ്ളാസ്റ്റേഴ്സ് ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. അന്ന് ഗോള്‍ സ്കോര്‍ ചെയ്ത ബ്ളാസ്റ്റേഴ്സിന്റെ വില്ലനും അത്ലറ്റിക്കോയുടെ നായകനുമായ റഫീഖ് ഇത്തവണയും ശ്രദ്ധേയമാകും. സെമിയില്‍ ഡല്‍ഹി ഡൈനാമോസിനെതിരേ പെനാല്‍റ്റിയില്‍ അവസാന കിക്ക് എടുത്ത റഫീഖിന് ഇത്തവണ ബ്ളാസ്റ്റേഴ്സില്‍ നായക വേഷമാണ് ഉള്ളത്. ഒപ്പം കൊല്‍ക്കത്തയുടെ വില്ലനായി മാറേണ്ടതുമുണ്ട്.
മറുവശത്ത് നോക്കിയാല്‍ ആദ്യ സീസണില്‍ ബ്ളാസ്റ്റേഴ്സിനെ വിജയങ്ങളില്‍ നിന്നും വിജയങ്ങളിലേക്ക് നയിച്ച് ഫൈനലിലേക്ക് എത്തിച്ച മലയാളികള്‍ ഹ്യൂമേട്ടന് പദവി നല്കി ആദരിച്ച കാനഡക്കാരന് ഇയാന്‍ ഹ്യൂമിന് കൊല്‍ക്കത്തയെ വിജയിപ്പിക്കാനാണ് നിയോഗം. ഒപ്പം അന്ന് ഒപ്പം കളിച്ച പിയേഴ്സണും ഇത്തവണയും ഹ്യൂമിന് കൊല്‍ക്കത്തയില്‍ കൂട്ടിനുണ്ട്. ആദ്യ സീസണില്‍ സെമിയില്‍ ചെന്നൈയ്ക്കെതിരേ പീയേഴ്സണ്‍ ബ്ളാസ്റ്റേഴ്സിന്റെ നിര്‍ണ്ണായക ഗോള്‍ നേടിയത് ആരാധകര്‍ ഇപ്പോഴും മറന്നിട്ടില്ല. ഇത്തവണ ഹ്യൂമിനെയും പിയേഴ്സണെയും ചുമലിലേറ്റിയാണ് അത്ലറ്റിക്കോ വരുന്നതും.
ഇതാദ്യമായാണ് കൊച്ചി ടൂര്‍ണമെന്റിന്റെ ഫൈനലിന് വേദിയാവുന്നത്. സ്റ്റേഡിയം നിറഞ്ഞു കവിയുന്ന കാണികളുടെ പിന്തുണ തന്നെയാണ് കൊച്ചിക്ക് ഇത്തവണ നറുക്കുവീഴാന്‍ കാരണം. ബ്ലാസ്റ്റേഴ്സിന് ഇത് രണ്ടാം ഫൈനല്‍ ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന് ഇത് രണ്ടാം ഫൈനലാണിത്. 2014ലെ പ്രഥമ സീസണില്‍ കൈയെത്തുംദൂരത്ത് കിരീടം കൈവിട്ട മഞ്ഞക്കുപ്പായക്കാര്‍ ഇത്തവണ അത് തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. കാണികളുടെ എണ്ണത്തില്‍ മലയാളികളെ കവച്ചുവയ്ക്കാന്‍ ഈ ഐഎസ്എല്ലില്‍ ആര്‍ക്കും കഴിഞ്ഞില്ലെന്നതാണ് വാസ്തവം. ശരാശരി 48000ത്തിലധികം കാണികളാണ് ബ്ലാസ്റ്റേഴ്സിന്റെ ഓരോ ഹോം മാച്ചിനുമെത്തുന്നത്. ഏറ്റവുമുയര്‍ന്നത് 54,913 ആണെങ്കില്‍ കുറഞ്ഞത് 34,196 ആണ്. ഇപ്പോള്‍ തന്നെ ടിക്കറ്റുകളെല്ലാം വിറ്റു തീര്‍ത്ത അവസ്ഥയിലുമാണ്.