
ബോസ്റ്റണ്‍: ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ മൊറോക്കോയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് ലോകകപ്പ് സെമി ഫൈനലിലേക്ക് മുന്നേറി. രണ്ടാം പകുതിയില്‍ സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബാപ്പെ, ഉസ്മാന്‍ ഡെംബെലെ എന്നിവര്‍ നേടിയ ഗോളുകളാണ് ഫ്രഞ്ചുകാര്‍ക്ക് തുടര്‍ച്ചയായ മൂന്നാം സെമി ടിക്കറ്റ് ഉറപ്പാക്കിയത്.
ആദ്യ പകുതിയില്‍ ലഭിച്ച സുവര്‍ണ്ണ പെനാല്‍റ്റി അവസരം എംബാപ്പെ കൈവിട്ടതോടെ ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ചിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ഫ്രാന്‍സ് ശക്തമായി തിരിച്ചടിച്ചു. ടൂര്‍ണമെന്റില്‍ മൂന്നാം തവണയും കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് എംബാപ്പെയായിരുന്നു. ആദ്യപകുതിയില്‍ മുന്നേറ്റങ്ങള്‍ മൊറോക്കോയന്‍ ഭിത്തിയില്‍ തട്ടി പാഴായിപോയ ഫ്രാന്‍സിനായി എംബാപ്പേ കളിയുടെ അറുപതാം മിനിറ്റില്‍ ഗോളടിച്ചു. ഡിസയര്‍ ഡൂയെയുടെ മനോഹരമായ പാസില്‍ നിന്നും പന്ത് സ്വീകരിച്ച എംബാപ്പെ, മൊറോക്കന്‍ ഗോള്‍കീപ്പര്‍ യാസിന്‍ ബോണോയെ നിഷ്പ്രഭനാക്കി പന്ത് വലയിലെത്തിച്ചപ്പോള്‍ കളിയില്‍ ആദ്യമായി ഫ്രാന്‍സ് മുന്നിലെത്തി.
ആദ്യ ഗോളിന്റെ ആവേശം അടങ്ങും മുന്‍പ്, ആറ് മിനിറ്റിന് ശേഷം ഡെംബലേയും എതിരാളികളുടെ വല കുലുക്കി. ബോക്‌സിന് പുറത്തുനിന്നും ഉസ്മാന്‍ ഡെംബെലെ തൊടുത്ത വെടിയുണ്ടപോലെയുള്ള ഷോട്ട് മൊറോക്കന്‍ വലയുടെ നെറുകയില്‍ പതിച്ചു. രണ്ട് ഗോളിന് പിന്നിലായ ശേഷവും മത്സരത്തിലേക്ക് തിരിച്ചുവരാന്‍ മൊറോക്കോ പരമാവധി ശ്രമിച്ചെങ്കിലും ഫ്രാന്‍സിന്റെ പ്രതിരോധക്കോട്ട തകര്‍ക്കാന്‍ അവര്‍ക്കായില്ല. ഇതോടെ ലോകകപ്പിലെ ആഫ്രിക്കന്‍ കരുത്തരുടെ ലോകകപ്പ് കുതിപ്പിന് വിരാമമായി.






