
ലൊസാഞ്ചലസ്: ഈ ഫുട്‌ബോള്‍ ലോകകപ്പില്‍ സ്‌പെയിന്‍ ഇന്നാണു യഥാര്‍ഥ പരീക്ഷണം നേരിടുക. ദക്ഷിണാഫ്രിക്ക ലോകകപ്പിനു ശേഷം സ്‌പെയിന് ലോക ചാമ്പ്യനാകാന്‍ കഴിഞ്ഞിട്ടില്ല.
കിരീടത്തില്‍ കുറഞ്ഞ ലക്ഷ്യമില്ലാതെയാണ് ലൂയിസ് ഡാ ലാ ഫുണ്ടെയും ശിഷ്യന്‍മാരും മാഡ്രിഡില്‍നിന്നു വിമാനം കയറിയത്. ക്വാര്‍ട്ടര്‍ ഫൈനലിന് ടിക്കറ്റെടുക്കും വരെയും ഉനായ് സിമോണ്‍ കാക്കുന്ന വലയില്‍ പന്ത് കയറിയില്ല. കുഞ്ഞന്‍ രാജ്യമായ കേപ് വെര്‍ദെയ്‌ക്കെതിരേ ഗോള്‍രഹിത സമനില വഴങ്ങിയ സ്‌പെയിനെ ആദ്യം എഴുതിത്തള്ളി. ഗ്രൂപ്പ് എച്ച് ജേതാക്കളായി മുന്നേറിയ അവര്‍ നോക്കൗട്ടില്‍ ഓസ്‌ട്രിയയ 3-0 ത്തിനു തകര്‍ത്തു. പ്രീ ക്വാര്‍ട്ടറിലെ എതിരാളി ക്രിസ്‌്റ്റ്യാനോ റൊണാള്‍ഡോയും പോര്‍ചുഗലും. ക്രിസ്‌റ്റ്യാനോയെയും സംഘത്തെയും സമര്‍ഥമായി പൂട്ടിയ സ്‌പെയിന്‍ മികേല്‍ മോറീനോയുടെ ഗോളില്‍ ജയിച്ചു.
സ്‌പെയിന്റെ ആറാം ലോകകപ്പ് ക്വാര്‍ട്ടറാണിത്. 2010 ലോകകപ്പില്‍ പരാഗ്വേയെ തോല്‍പ്പിച്ചാണു സ്‌പെയിന്‍ സെമി ഫൈനലില്‍ കടന്നത്. അതിനു മുമ്പു നടന്ന നാല് ലോകകപ്പുകളിലും ക്വാര്‍ട്ടര്‍ കടക്കാന്‍ അവര്‍ക്കായില്ല. ഈ ലോകകപ്പില്‍ ഗോള്‍ വഴങ്ങാത്ത ഏക ടീമാണു സ്‌പെയിനെന്നത് അവരുടെ പ്രതിരോധത്തിന്റെ കരുത്ത് വ്യക്‌തമാക്കി. 10 മണിക്കൂറാണ് അവര്‍ ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്നത്. പഴയ ടിക്കി ടാക്ക ശൈലിയില്‍നിന്നു മാറിയ സ്‌പെയിന്‍ പ്രത്യാക്രമണത്തിലൂടെ ഗോളടിക്കാനാണു ശ്രമിക്കുന്നത്. ലാ ഫുണ്ടെ കോച്ചായ ശേഷം നടന്ന ആറ് നോക്കൗട്ട് മത്സരങ്ങളിലും സ്‌പെയിനാണു ജയിച്ചത്. കൗമാര താരം ലാമിനെ യമാല്‍ റൈറ്റ് വിങിലും മൈക്കിള്‍ ഒയാസബാല്‍ ആക്രമണത്തിലും അണിനിരക്കും. ഒയാസബാല്‍ ഇതുവരെ 23 ഗോള്‍ പങ്കാളിത്തം കുറിച്ചു. മധ്യനിരയില്‍ മാര്‍കോസ് ലോറന്റെ, ഫാബിയോ റൂയിസ്, മെറീനോ എന്നിവരുണ്ടാകും. ബെല്‍ജിയം കോച്ച് റൂഡി ഗാഴ്‌സിയ കെവിന്‍ ഡി ബ്രൂയിന്‍, ജെറമി ഡോകു, ടോപ് സ്‌കോറര്‍ റൊമേലു ലുകാകു എന്നിവരെ ബെഞ്ചിലിരുത്തുന്നതിന് ഏറെ വിമര്‍ശനം നേരിടുന്നുണ്ട്. ഗാഴ്‌സിയ തന്റെ നിലപാടില്‍ മാറ്റം വരുത്താന്‍ തയാറല്ല താനും. ജി ഗ്രൂപ്പ് ജേതാക്കളായിരുന്നെങ്കിലും ബെല്‍ജിയത്തിന്റെ പ്രകടനം മെച്ചമായില്ല. നോക്കൗട്ടില്‍ സെനഗലിനെതിരേ 3-2 നു ജയിച്ചതോടെ ഉശിരന്‍മാരായി. യൂറി ടീലിമാന്‍സിന്റെ അധിക സമയത്തെ ഗോളാണ് അവരെ മുന്നോട്ടു നയിച്ചത്. വമ്പന്‍മാരെ ബെഞ്ചിലിരുത്തിയത് യു.എസിനെതിരേ നേട്ടമായി. ചാള്‍സ് ഡി കെറ്റലാറെയുടെ ഇരട്ട ഗോളുകളും ഹാന്‍സ് വാനാകന്റെയും പകരക്കാരന്‍ ലുക്കാകുവിന്റെയും ഗോളുകളും റൂഡി ഗാഴ്‌സിയയുടെ തീരുമാനം പിഴച്ചില്ലെന്നു തെളിയിച്ചു. ഖത്തര്‍ ലോകകപ്പില്‍ നോക്കൗട്ട് കാണാതെ മടങ്ങിയതോടെ ബെല്‍ജിയത്തിന്റെ ''സുവര്‍ണ തലമുറ'' അവസാനിച്ചിരുന്നു. അവിടെ നിന്നാണു റൂഡി ഗാഴ്‌സിയ മറ്റൊരു ടീമിനെ ഉണ്ടാക്കിയെടുത്തത്‌്. 1986 ലാണ് ബെല്‍ജിയം ആദ്യമായും അവസാനമായും സെമിയില്‍ കളിച്ചത്‌്. ഡി കെറ്റലാറെ ലുക്കാക്കുവിനെ മുന്നില്‍ നിര്‍ത്തിയ പോരാട്ടത്തില്‍ ''ഫാള്‍സ് നയന്‍'' റോളിലാകും. യു.എസിനെതിരേ പുറത്തിരുന്ന ഡി ബ്രൂയിനെ ഇന്നു കളിപ്പിച്ചേക്കാം.




