
ന്യൂയോര്‍ക്ക്: റഫറിമാരുടെ ആത്മാര്‍ത്ഥതയെയും നിഷ്‌പക്ഷതയെയും ശക്‌തമായി പ്രതിരോധിച്ച് ഫിഫ ചീഫ് റഫറിയിങ് ഓഫീസര്‍ പിയര്‍ലൂയിജി കൊളിന രംഗത്തെത്തി. റഫറിമാരുടെ ചില തീരുമാനങ്ങളെച്ചൊല്ലി വിവാദങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് കൊളിന നിലപാട് വ്യക്‌തമാക്കിയത്.
അര്‍ജന്റീനയും ഈജിപ്‌തും തമ്മില്‍ നടന്ന പ്രീ ക്വാര്‍ട്ടറിലെ വിവാദപരമായ തീരുമാനങ്ങളും അതില്‍ ഉള്‍പ്പെടുന്നു. റഫറിയിങ്ങില്‍ പുറത്തു നിന്നുള്ള സ്വാധീനമുണ്ടെന്ന ആരോപണങ്ങള്‍ കൊളിന തള്ളി. റഫറിയിങ് ടീമിന്റെ തീരുമാനങ്ങളെ പിന്തുണയ്‌ക്കുകയും ചെയ്‌തു. ഞങ്ങള്‍ സന്തുഷ്‌ടരാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയധികം മത്സരങ്ങള്‍ നടക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രതീക്ഷിച്ചതു പോലെയാകില്ലെന്നു കൊളിന വ്യക്‌തമാക്കി.
റഫറിയിങിനെ ആര്‍ക്കും സ്വാധീനിക്കാനാകില്ല. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പൂര്‍ണമായ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ പിന്തുണ നല്‍കിയിട്ടുണ്ട്. മാച്ച് ഒഫീഷ്യലുകള്‍ സത്യസന്ധമായ തീരുമാനങ്ങളാണ് എടുക്കുന്നത്. കളിക്കാരെയും കോച്ചുമാരെയും പോലെ അവരും എപ്പോഴും പരമാവധി നല്‍കാനാണ് ശ്രമിക്കുന്നത്- കൊളിന കൂട്ടിച്ചേര്‍ത്തു.
നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയോട് ഈജിപ്‌ത് 3-2 നു തോറ്റ മത്സരത്തിലെ റഫറിമാരുടെ തീരുമാനങ്ങള്‍ വിവാദമായതിനു കൊളിനയുടെ പ്രതികരണം. രണ്ടാമത്തെ ഗോള്‍ വലയിലെത്തിച്ചപ്പോള്‍ തങ്ങള്‍ ലീഡ് നേടിയെന്നാണ് ഈജിപ്‌ത് കരുതിയത്. വാര്‍ റിവ്യൂവിന് ശേഷം റഫറി അത് റദ്ദാക്കി.
ഈജിപ്‌ത് മിഡ്‌ഫീല്‍ഡര്‍ മര്‍വാന്‍ അത്തിയ അര്‍ജന്റീന പ്രതിരോധ താരം ലിസാന്‍ഡ്രോ മാര്‍ട്ടിനെസിന്റെ കാല്‍പ്പാദത്തില്‍ ചവിട്ടി ഫൗള്‍ ചെയ്‌തെന്ന് വാറിലൂടെ വ്യക്‌തമായിരുന്നു - കൊളിന പറഞ്ഞു. അതേ വിജയ ഗോളിനു മുമ്പ് ഈജിപ്‌തിന്റെ മുഹമ്മദ് സലയുടെ മേല്‍ ഫൗളുണ്ടായിട്ടില്ലെന്നും കൊളിന വ്യക്‌തമാക്കി. ഹൂലിയന്‍ അല്‍വാറസും സലയും തമ്മില്‍ കളിക്കിടെയുണ്ടാകുന്ന സ്വാഭാവികമായ സമ്പര്‍ക്കം മാത്രമാണുണ്ടായത്,
അത്തിയയെപ്പോലെ കാലില്‍ ചവിട്ടിയില്ലെന്നും കൊളിന പറഞ്ഞു. 2-0 ത്തിനു മുന്നിട്ടുനിന്ന ശേഷമാണ് ഈജിപ്‌ത് തോറ്റത്. യു.എസിന്റെ ഫോലാറിന്‍ ബാലോഗണ്ണിന് ബെല്‍ജിയത്തിനെതിരായ നോക്കൗട്ടില്‍ കളിക്കാന്‍ അനുമതി നല്‍കിയതും വിവാദമായിരുന്നു. നോക്കൗട്ടില്‍ ചുവപ്പ് കാര്‍ഡ് കണ്ട ബാലോഗണ്ണിന് ഒരു മത്സരത്തെ സ്വാഭാവിക വിലക്കുള്ളതാണ്. യു.എസ്. പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയോടു നിര്‍ദേശിച്ചതോടെ വിലക്ക് ഒരു വര്‍ഷത്തേക്കു മരവിപ്പിച്ച അസാധാരണ നടപടിയുണ്ടായി.




