
ന്യൂഡല്‍ഹി: ലോക മനസ്സാക്ഷിക്ക് മുന്നില്‍ ഇന്ത്യയ്ക്ക് ശിരസ്സ് കുനിക്കേണ്ടി വന്ന ക്രൂര ബലാത്സംഗക്കേസിലെ കുട്ടിക്കുറ്റവാളി ഇപ്പോള്‍ വഴിയരികിലെ തട്ടുകടയില്‍ പാചകക്കാരന്. ആരുമറിയാതെ ദക്ഷിണേന്ത്യയില്‍ ഉള്ള ഇയാള്‍ കടുത്ത വിശ്വാസിയും പക്വതയില്ലാത്ത പ്രായത്തില്‍ ചെയ്ത തെറ്റിനെ ഓര്‍ത്ത് പശ്ചാത്തപിക്കുന്ന മനസ്സിന് ഉടമയുമാണെന്ന് റിപ്പോര്‍ട്ട്. 2012 ഡിസംബര്‍ 16 കൂട്ട ബലാത്സംഗക്കേസില്‍ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ച കുട്ടിക്കുറ്റവാളി ഇപ്പോള്‍ 22 വയസ്സുള്ള യുവാവാണ്. കൂട്ട ബലാത്സംഗത്തിന് ഇരയായ 23 കാരി ഫിസിയോ തെറാപ്പിസ്റ്റ് വിദ്യാര്‍ത്ഥിനിയെ ഏറ്റവും ക്രൂരമായി ഉപദ്രവിച്ചതും ഇയാളാണെന്ന് ആയിരുന്നു കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.
വടക്കന്‍ ഡല്‍ഹിയിലെ മജ്നു കാ ടിലാ ഷെല്‍ട്ടര്‍ ഹോമില്‍ മൂന്ന് വര്‍ഷത്തെ തടവു കാലത്ത് ജയിലില്‍ പെയ്ന്റിംഗ്, തയ്യല്‍, പാചകം തുടങ്ങിയ കാര്യങ്ങള്‍ പരിശീലിച്ചിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാള്‍ ഒരു വര്‍ഷമായി ഡല്‍ഹിയില്‍ നിന്നും അകളെ ദക്ഷിണേന്ത്യയിലെ ഒരു ഹോട്ടലില്‍ പാചകം ചെയ്തു ജീവിക്കുകയാണ്. ജീവന് ഭീഷണി ഉയരുമെന്നതിനാല്‍ ഇയാളുടെ വിവരമോ എവിടെയാണെന്നതോ ആയ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 2015 ഡിസംബറില്‍ പുറത്തു വന്ന ശേഷം ഒരു എന്‍ജിഒ ആയിരുന്നു ഇയാളെ സൂക്ഷിച്ചത് പിന്നീട് ഇയാളെ അവര്‍ തന്നെ ദക്ഷിണേന്ത്യയിലേക്ക് അയയ്ക്കുക ആയിരുന്നു. ഇപ്പോള്‍ ഇയാള്‍ റോഡരികിലെ ഒരു തട്ടുകടയില്‍ പണിയെടുക്കുകയാണെന്നാണ് പുനരധിവാസ ജോലി ചെയ്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമത്തില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട്.
അധികം പേര്‍ക്ക് ഇയാളുടെ വിവരം അറിയില്ല. 240 കിലോമീറ്റര്‍ അകലെയുള്ള വന്‍ നഗരത്തിലേക്ക് പാലായനം ചെയ്യുമ്പോള്‍ ഇയാള്‍ക്ക് 11 വയസ്സായിരുന്നു പ്രായം. കിടപ്പിലായ പിതാവും മാതാവും നാലുമക്കളുമുള്ള കുടുംബത്തെ പോറ്റിയിരുന്നത് മൂത്ത് സഹോദരിയായിരുന്നു. ഇപ്പോഴും ഇയാളുടെ കുടുംബം അതേ ഗ്രാമത്തിലാണ് കഴിയുന്നത്. കുടുംബത്തിലെ ദാരിദ്ര്യത്തില്‍ നിന്നും ഒളിച്ചോടിയ ഇയാള്‍ എത്തിച്ചേര്‍ന്നത് കേസിലെ പ്രധാനപ്രതി രാംസിംഗിന്റെ അരികിലേക്കായിരുന്നു. അവിടെ ബസ് ക്ളീനറായി ജോലി ചെയ്യുന്നതിനിടയിലാണ് രാജ്യത്തെ ഞെട്ടിച്ച കൂട്ട ബലാത്സംഗം നടക്കുന്നത്. ഭക്ഷണം വാങ്ങിക്കൊടുത്ത ശേഷം തങ്ങളുടെ കൂടെ കൂടാന്‍ കുറ്റവാളികള്‍ പയ്യനോട് ആവശ്യപ്പെടുകയായിരുന്നു.
ജൂവനൈല്‍ ഹോമില്‍ കഴിയുമ്പോള്‍ പതിവായി മാതാവിനെ വിളിക്കുമായിരുന്ന കുട്ടിക്കുറ്റവാളി അവിടുത്തെ ഏറ്റവും മര്യാദക്കാരനായ കുട്ടിയായിരുന്നെന്നാണ് വെല്‍ഫെയര്‍ ഉദ്യോഗസ്ഥരും കൗണ്‍സിലര്‍ മാരും പറഞ്ഞത്. ജൂവനൈല്‍ ഹോമില്‍ നിന്നും പുറത്തുവന്ന ശേഷം കടുത്ത മത വിശ്വാസിയായി ഇയാള്‍ മാറിയെന്നും താടി വളര്‍ത്തുകയും അഞ്ചു നേരം നിസ്ക്കരിക്കുകയും ചെയ്യാറുണ്ടെന്നും അവര്‍ പറയുന്നു.
തുടക്കത്തില്‍ സാധാരണ കുറ്റവാളികള്‍ക്കൊപ്പം ഇട്ടിരുന്ന ഇയാളെ അവസാന വര്‍ഷം ഹൈക്കോടതി സ്ഫോടനക്കേസ് പ്രതിക്കൊപ്പമാണ് ഇട്ടത്. ഇതുകൊണ്ടാണ് തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായെന്ന് മുദ്രകുത്തിയത്. ഇത് ഇയാളെ വീണ്ടും പ്രത്യേക സെല്ലിലേക്ക് മാറ്റുകയായിരുന്നു. പഠിക്കാന്‍ അല്‍പ്പം താല്‍പ്പര്യം കാണിച്ച ഇയാള്‍ അതിനിടയില്‍ സ്വന്തം പേര് എഴുതാന്‍ പഠിച്ചു. പാചകത്തില്‍ അതീവ തല്പ്പരനായിരുന്ന ഇയാളായിരുന്നു സ്റ്റാഫുകള്‍ക്ക് നല്‍കിയിരുന്ന ഭക്ഷണത്തിന്റെ അവസാന മിനുക്കു പണികള്‍ ചെയ്തിരുന്നത്. സഹ തടവുകാരുടേയും ഇഷ്ടം പിടിച്ചുപറ്റിയ ഇയാളോട് അവര്‍ ഭക്ഷണം ഉണ്ടാക്കിത്തരാന്‍ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നെന്നാണ് വാര്‍ത്ത പുറത്തുവിട്ട മാധ്യമം പറയുന്നത്.