
മലപ്പുറം: കടുവയ്ക്ക് വച്ച കെണിയില്‍ കുടുങ്ങിയത് നാല് തെരുവ് നായ്ക്കള്‍. പുല്ലങ്കോട് എസ്റ്റേറ്റിലെ കടിഞ്ചീരി മലയിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയിലാണ് തെരുവ് നായ്ക്കള്‍ കെണിയില്‍ കുടുങ്ങിയത്.
കടിഞ്ചീരി മലയില്‍ കടുവ ഭീതി നിലനില്‍ക്കുന്നതിനാല്‍ സ്ഥാപിച്ച കെണിയില്‍ കഴിഞ്ഞ തവണ കുറുക്കന് കുടുങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് കെണിയില്‍ നായക്കൂട്ടങ്ങള്‍ കുടുങ്ങിയത്. രാവിലെ ജോലിക്കെത്തിയ എസ്റ്റേറ്റ് തൊഴിലാളികളാണ് തെരുവ് നായകള്‍ കുടുങ്ങി കിടക്കുന്നത് കണ്ടത്.
കടിഞ്ചീരി മലയുടെ ചുറ്റുഭാഗവും ജനവാസമുള്ള സ്ഥലങ്ങളാണ്. എന്നാല്‍ ഇവിടെ രണ്ടിടങ്ങളിലായി കുറച്ച് വനഭൂമിയുണ്ട്. ഇവിടെ വന്യമൃഗസാധ്യത കുറവാണെന്ന് ആണ് വനം വകുപ്പിന്റെ നിഗമനം. കാട്ടാന, കടുവ, പുലി തുടങ്ങിയ മൃഗങ്ങള്‍ മലയിലേക്ക് എത്തിപ്പെടാന്‍ സാധ്യതയില്ല. കുരങ്ങുകളേയോ കാട്ടുപന്നികളേയോ പിടിക്കാനെത്തിയ നായക്കൂട്ടമായിരിക്കും കെണിയില്‍ കുടുങ്ങിയതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.






