
കൊച്ചി: കോട്ടയം എരുമേലിയില്‍ കാണാതായ ജസ്നയ്ക്കായി സി.ബി.ഐ. നടത്തുന്ന അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ എന്‍.ഐ.എ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിക്കും.
അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സി.ബി.ഐ. ഹൈക്കോടതിക്കു കൈമാറിയിരുന്നു. യാതൊരു വിവരവും ലഭിച്ചില്ലെന്നാണ് ഇതിലുള്ളതെന്നാണു വിവരം. റിപ്പോര്‍ട്ട് കോടതി പരിഗണിക്കുന്നപക്ഷം കേസ് തള്ളാന്‍ സാധ്യതയുള്ളതിനാലാണ് എന്‍.ഐ.എ. അന്വേഷണത്തിനായി പുതിയ അപേക്ഷ നല്‍കുന്നത്.
ജസ്ന ഇന്ത്യയിലുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണം വേണമെന്നും ആവശ്യപ്പെടും. എന്‍.ഐ.എ. കേസ് ഏറ്റെടുത്താല്‍, ജസ്ന വിദേശത്തുണ്ടെങ്കില്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ കണ്ടെത്താന്‍ കഴിയുമെന്നു ഹര്‍ജിക്കാര്‍ പറയുന്നു.
എന്‍.ഐ.എ. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്കു നിവേദനം നല്‍കാനും ഉദ്ദേശിക്കുന്നു.കാണാതായ ജസ്നയെക്കുറിച്ചു മോഷണക്കേസിലെ പ്രതിക്ക് അറിവുണ്ടായിരുെന്നന്ന് ഇതിനിടെ വെളിപ്പെടുത്തല്‍ വന്നിരുന്നു. പത്തനംതിട്ടയിലുള്ള യുവാവിനെപ്പറ്റിയാണ് പൂജപ്പുര ജയിലിലെ സഹതടവുകാരന്റെ മൊഴി. യുവാവിന്റെ വിലാസമടക്കം ശരിയെന്നു സി.ബി.ഐ. സ്ഥിരീകരിച്ചു.
തടവുകാരന്റെ മൊഴി സി.ബി.ഐ. രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാള്‍ക്കു നേരിട്ട് അറിവില്ലെങ്കിലും നേരത്തെ ജയിലില്‍ ഒപ്പം കഴിഞ്ഞയാള്‍ക്ക് ജസ്നയുടെ വിവരങ്ങള്‍ അറിയാമെന്ന സൂചനയാണു ലഭിച്ചത്. സി.ബി.ഐ. ഇക്കാര്യം പരിശോധിക്കുന്നുണ്ടെങ്കിലും കഴമ്പുണ്ടെന്നു കരുതുന്നില്ല.
ജയില്‍മോചിതനായ യുവാവ് ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇയാള്‍ക്കു തിരോധാനത്തെക്കുറിച്ച് അറിയാന്‍ സാധ്യത കുറവാണെന്ന വിലയിരുത്തലിലാണു സി.ബി.ഐ.
2018 മാര്‍ച്ച് 20 നാണ് ജസ്ന മരിയ ജെയിംസിനെ കാണാതായത്. രാവിലെ മുക്കൂട്ടുതറയിലെ വീട്ടില്‍നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞുപോയ പെണ്‍കുട്ടി പിന്നെ തിരിച്ചെത്തിയില്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജില്‍ രണ്ടാം വര്‍ഷ ബി.കോം. വിദ്യാര്‍ഥിയായിരുന്നു. വീട്ടില്‍നിന്ന് മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്കു പോകുംവഴിയായിരുന്നു തിരോധാനം.
തുടര്‍ന്ന് ജസ്നയ്ക്കായി ക്രൈംബ്രാഞ്ചടക്കം പോലീസിന്റെ നിരവധി സംഘങ്ങള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ക്രിസ്ത്യന്‍ അലയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (കാസാ) എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസന്വേഷണം സി.ബി.ഐയ്ക്കു കൈമാറിയത്. ജസ്നയെ കാണാതായതല്ല, തട്ടിക്കൊണ്ടു പോയതാകാമെന്ന് സി.ബി.ഐയുടെ എഫ്.ഐ.ആറില്‍ പറയുന്നു.






