
ലാഗ്രാന്ഗേ: വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിന്റെ ശരീരാവശിഷ്ടങ്ങള്‍ 47 വര്‍ഷത്തിന് ശേഷം മുങ്ങിപ്പോയ കാറില്‍ നിന്നും കണ്ടെത്തി. 1976 ല്‍ കാണാതായ കെയ്ല്‍ ക്ലിങ്ക്സ്കേല്സിന്റെ ശരീരാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ക്ലിങ്ക്സ്കേല്സിനെ ഒരാള്‍ വെടിവെച്ച് കൊല്ലുന്നത് താന്‍ കണ്ടെന്ന് പോലീസിനെ അറിയിച്ചയാള്‍ക്ക് നാലുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.
ജോര്‍ജ്ജിയ അലാബാമാ സ്റ്റേറ്റ് ലൈന്‍ സമീപത്തെ ഒരു അരുവിയില്‍ മുങ്ങിപ്പോയ ഒരു കാര്‍ കഴിഞ്ഞ വര്‍ഷം അവസാനം പുറത്തെടുത്തപ്പോള്‍ ഇതില്‍ നിന്നും മനുഷ്യ അസ്ഥികള്‍ കണ്ടെത്തിയിരുന്നു. അലബാമയിലെ ഇരുണ്ട പ്രദേശത്ത് അരുവിയില്‍ ഒരു കാര്‍ കിടക്കുന്നത് ആരുടേയോ കണ്ണില്‍പ്പെടുകയായിരുന്നു. അരുവിയില്‍ നിന്നും 1974 ലെ ഫോര്‍ഡ് പിന്റോ കാര്‍ പൊക്കിയെടുക്കുമ്പോള്‍ കാറിനുള്ളില്‍ തലയോട്ടിയും 50 ലധികം അസ്ഥികളും ഉണ്ടായിരുന്നു.
ജോര്‍ജ്ജിയയിലെ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഈ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി വിട്ടിരുന്നു. പരിശോധനയില്‍ അവ വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്ലിങ്ക്സ്കേല്സിന്റേതാണെന്ന് തിരിച്ചറിഞ്ഞു. അതേസമയം ഇയാള്‍ എങ്ങിനെയാണ് മരിച്ചതെന്ന് കണ്ടെത്താനായില്ല.
കാണാതാകുമ്പോള്‍ ക്ലിങ്ക്സ്കേല്സിന് 22 വയസ്സായിരുന്നു പ്രായം. 1976 ല്‍ ജോര്‍ജ്ജിയ ക്ലബ്ബില്‍ ബാറിലെ ജീവനക്കാരനായി ജോലി ചെയ്യുന്ന സമയത്ത് പണി കഴിഞ്ഞ് അലബാമയിലെ ഔബേണ്‍ സര്‍വകലാശലയിലെ സ്കൂളിലേക്ക് തിരിച്ചു പോകുമ്പോള്‍ ക്ലിങ്ക്സ്കേല്സ് ദുരൂഹമായി അപ്രത്യക്ഷമാകുകയായിരുന്നു. ക്ലിങ്ക്സ്കേല്സിനെ ഒരു അജ്ഞാതന്‍ വെടിവെച്ചു കൊല്ലുന്നത് കണ്ടെന്ന് വ്യക്തമാക്കി ജിമ്മി ഏള് ജോണ്‍സ് എന്നയാള്‍ രംഗത്ത് വന്നിരുന്നു.
എന്നാല്‍ പിന്നീട് പരസ്പരവിരുദ്ധമായ മൊഴി നല്കിയതിനാല് ഇയാള്‍ നല്‍കുന്നത് തെറ്റായ വിവരമാണെന്ന് മനസ്സിലാക്കി കോടതി നാലുവര്‍ഷം തടവിനാണ് ശിക്ഷിച്ചത്. കേസിന്റെ ചുരുള്‍ നിവര്‍ത്താന്‍ പക്ഷേ 2022 ഡിസംബര്‍ വരെയാണ് കാത്തിരിക്കേണ്ടി വന്നത്.






