
കോട്ടയം: കേരളാ കോണ്‍ഗ്രസിന്റെ തട്ടകമായ കോട്ടയത്തു റബര്‍ വിലയിടിവിനെതിരേ സി.പി.എം. നടത്തിയ ജനസദസിനു ബദലായി കര്‍ഷക മഹാസംഗമം സംഘടിപ്പിക്കാന്‍ കേരളാ കോണ്‍ഗ്രസ് (എം). കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചാണ് അടുത്ത മാസം 17-നു കോട്ടയത്തെ കെ.പി.എസ്. മേനോന് ഹാളില്‍ കര്‍ഷക മഹാസംഗമം നടത്തുന്നതെങ്കിലും അതിന്റെ ''ആഘാതം'' സംസ്ഥാനത്തെ ഇടതു സര്‍ക്കാരിനായിരിക്കും.
കര്‍ഷക മഹാസംഗമത്തെ റബര്‍ വിലയിടിവിനെതിരേയുള്ള സമരമാക്കി മാറ്റാനാണ് ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ തീരുമാനം. വിലയിടിവ് തടയാന്‍ റബറിന്റെ വിലസ്ഥിരതാ ഫണ്ട് 250 രൂപയാക്കി ഉയര്‍ത്തണമെന്നും ഇക്കാര്യം ബജറ്റില്‍ പ്രഖ്യാപിക്കണമെന്നും കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, അതു നിരാകരിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ വിലസ്ഥിരതാ ഫണ്ട് വിഷയത്തില്‍ മുന്നോട്ടുവച്ച കാല് പിന്നോട്ടെടുക്കേണ്ടതില്ലെന്നാണ് സെക്രട്ടേറിയറ്റ് തീരുമാനം. കോട്ടയത്തെ കര്‍ഷക മഹാസംഗമവും ഈ ആവശ്യം ആവര്‍ത്തിക്കും.
അതോടെ, സംസ്ഥാന സര്‍ക്കാര്‍ തള്ളിയ ഒരു ആവശ്യം മുന്നണിയിലെ ഘടകകക്ഷി വീണ്ടും ഉന്നയിക്കുന്ന വേദിയായി സംഗമം മാറും. അടുത്ത മാസം 10,11 തീയതികളില്‍ കേരള കര്‍ഷക യൂണിയന്റെ(എം) ആഭിമുഖ്യത്തില്‍ സംസ്ഥാന പ്രതിനിധി സമ്മേളനവും കര്‍ഷക സെമിനാറുകളും സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഈ മാസം ആദ്യമായിരുന്നു റബര്‍ വിഷയത്തില്‍ സി.പി.എം. കോട്ടയത്തു ജനസദസ് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത ജനസദസില്‍, റബര്‍ മേഖലയിലെ പ്രമുഖരെ ഉള്‍പ്പെടുത്തി സെമിനാറും സംഘടിപ്പിച്ചിരുന്നു. റബര്‍ കര്‍ഷകരുടെ പാര്‍ട്ടിയെന്നു വിലയിരുത്തപ്പെടുന്ന കേരളാ കോണ്‍ഗ്രസി(എം)നെ ഈ സെമിനാറിലേക്കോ സമ്മേളനത്തിലേക്കോ ക്ഷണിച്ചിരുന്നില്ല.
പാലാ നഗരസഭാ അധ്യക്ഷ സ്ഥാനത്തിനുവേണ്ടി കേരളാ കോണ്‍ഗ്രസ് (എം) നടത്തിയ കടുംപിടിത്തമാണ് സി.പി.എമ്മിനെ ഇങ്ങനെയൊരു തീരുമാനത്തിലേക്കു നയിച്ചത് എന്നായിരുന്നു പുറത്തുവന്ന വിവരം. ഈ സാഹചര്യത്തിലാണ് കോട്ടയത്തു കര്‍ഷകസംഗമം നടത്താന്‍ കേരളാ കോണ്‍ഗ്രസ് (എം) തയാറാകുന്നതെന്നാണ് സൂചന.






