
ഷിക്കാഗോ: അമേരിക്കയില്‍ ജനജീവിതം ദുരിതത്തിലാക്കി കനത്തമഞ്ഞും അതിശക്തമായ ഹിമക്കാറ്റും. ആയിരത്തിലധികം വിമാനങ്ങളുടെ യാത്രകളാണ് ശൈത്യവും ഹിമക്കാറ്റും തടസ്സപ്പെടുത്തിയിരിക്കുന്നത്. ഒമ്പതലക്ഷം പേരെയാണ് അതിശൈത്യത്തെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ വലച്ചിരിക്കുന്നത്.
വടക്കന്‍ അമേരിക്കയില്‍ വാഷിംഗ്ടണ്‍ സ്റ്റേറ്റ് മുതല്‍ ന്യൂഇംഗ്ളണ്ട് വരെ മഞ്ഞുപുതപ്പിന്റെ കനം 18 ഇഞ്ചായി ഉയര്‍ന്നിരിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. മണിക്കൂറില്‍ 50 മൈല്‍ വേഗതയി ഹിമക്കാറ്റും അടിക്കുകയാണ്. ഹിമക്കാറ്റിനെ തുടര്‍ന്നുള്ള താപനില മൈനസ് 40 ഡിഗ്രിയിലേക്ക് താണിരിക്കുകയാണ്. വീടുകളിലും ബിസിനസ് സ്ഥാപനങ്ങളുമായി ഒമ്പത് ലക്ഷം കെട്ടിടങ്ങളാണ് വൈദ്യൂതി പ്രതിസന്ധിമൂലം ഇരുട്ടിലായത്.
ഇല്ലിനോയ്സ്, ഇന്ത്യാനാ, മിഷിഗണ്‍, ന്യൂയോര്‍ക്ക്, വിസ്കണ്‍സിന്‍ എന്നിവിടങ്ങളിലെല്ലാം വൈദ്യുതി തടസ്സം നേരിട്ടിരിക്കുകയാണ്. കടുത്ത കാലാവസ്ഥയില്‍ 2000 വിമാനങ്ങളാണ് ക്യാന്‍സല്‍ ചെയ്യപ്പെട്ടത്. 15,000 വിമാനങ്ങളുടെ യാത്ര താമസിച്ചു. പല റോഡുകളിലും ഗതാഗതം താറുമാറായി. മഞ്ഞിന്റെ വഴുക്കല്‍ മൂലം പല റോഡിലും യാത്രകള്‍ അപകടകരമാകുമെന്ന് മുന്നറിയിപ്പുണ്ട്. പാതകളില്‍ 1.3 സെന്റിമീറ്റര്‍ കനത്തിലാണ് മഞ്ഞു വീണിരിക്കുന്നത്.
2.9 ദശലക്ഷം പേരുള്ള മിനിപോളീസില്‍ മഞ്ഞുവീഴ്ച മണിക്കൂറില്‍ രണ്ട് ഇഞ്ച് വരെയായി. മിനിപ്പോളീസിലെ സ്കൂളുകളും അടച്ചു. തെക്കുവടക്കന്‍ ഡക്കോട്ടയിലും കോളറാഡോ, മിഷിഗന്‍, വ്യോമിംഗ് എന്നിവിടങ്ങളിലും സ്കുളുകളില് ക്ലാസ്സുകള്‍ വേണ്ടെന്ന് വെച്ചിരിക്കുകയാണ്. മിഷിഗണില്‍ 20,000 വീടുകളിലാണ് വൈദ്യുതി പ്രതിസന്ധി നേരിടുന്നത്.






