
രണ്ടു രാജ്യത്തില്‍ നിന്നുള്ളവര്‍ പ്രണയിക്കുന്നതും ഒന്നാകുന്നതുമെല്ലാം അനേകം ബോളിവുഡ് സിനിമകള്‍ക്ക് വിഷയമായിട്ടുണ്ട്. അമീര്ഖാന് നായകനായി വന്‍ വിജയം വരിച്ച പി.കെ.യാണ് ഇതിന്റെ ഏറ്റവും അടുത്തകാലത്തുണ്ടായ ഉദാഹരണം. ഇന്ത്യയുടെ ടെന്നീസ് ഇതിഹാസം സാനിയാമിര്‍സ ഇന്ത്യാ പാക് ദാമ്പത്യത്തിന്റെ വലിയ ഉദാഹരണവുമാണ്. പക്ഷേ രാജ്യം വിട്ട് പ്രണയിച്ചതിന്റെ പേരില്‍ ഇന്ത്യാക്കാരനും പാകിസ്താന്‍കാരിയും അഴിക്കുള്ളില്‍ ആയതിന്റെ കഥയാണ് ഇത്.
ഇന്ത്യന്‍ യുവാവ് മുലയാം സിംഗ് യാദവും പാകിസ്താന് പെണ്‍കുട്ടി ഇഖ്റാ ജീവാനിയുമാണ് കഥയിലെ നായകനും നായികയും. അനധികൃതമായി ഇന്ത്യയില്‍ കുടിയേറിയതിന് ജയിലിലായ ഇഖ്റ ജീവാനിയെ പാകിസ്താനിലേക്ക് തിരിച്ചയച്ചു. ഇഖ്റയ്ക്ക് വേണ്ടി വ്യാജരേഖ ഉണ്ടാക്കിയതിനാണ് മുലയാം സിംഗ് അകത്തു കിടക്കുന്നതെന്ന് ബിബിസി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓണ്‍ലൈന്‍ ഗെയിം കളിച്ച് പ്രണയിച്ച ഇരുവരും വിവാഹം കഴിക്കുകയും ഇന്ത്യയില്‍ താമസിക്കുകയും ചെയ്യുമ്പോഴാണ് അറസ്റ്റിലായത്. ഓണ്‍ലൈന്‍ ഗെയിം ലൂഡോ കളിച്ചു മൂന്നു വര്‍ഷം മുമ്പാണ് ഇരുവരും പ്രണയത്തിലായത്. ഒരുമിക്കാന്‍ പാടാണ് എന്നറിഞ്ഞിട്ടും 19 കാരി ഇഖ്റയും 21 കാരന് മുലയാം സിംഗും പ്രണയം തുടര്‍ന്നു. കഴിഞ്ഞ സെപ്തംബറില്‍ പരസ്പരം നേരില്‍കാണാന്‍ തീരുമാനിച്ച് ഇരുവരും നേപ്പാളില്‍ ഒരുമിക്കുകയും അവിടെ വെച്ച് വിവാഹം കഴിക്കുകയും ചെയ്തു.
വിവാഹശേഷം ഇരുവരും ബംഗലുരുവിലേക്ക് പോയി അവിടെ ഒരു വീടെടുത്ത് താമസിച്ചു. മൂന്ന് മാസത്തോളം എല്ലാം ഭംഗിയായി പോയെങ്കിലും ജനുവരിയില്‍ ജീവിതത്തില്‍ ദുരന്തം വന്നുകയറി. അനധികൃത കുടിയേറ്റത്തിന് ഇഖ്റ പിടിയിലായി. വഞ്ചനാക്കുറ്റത്തിനും വ്യാജരേഖ ചമച്ചതിനും മതിയായ രേഖകളില്ലാത്ത വിദേശിയെ പാര്‍പ്പിച്ചതിനും യാദവും അറസ്റ്റ് ചെയ്യപ്പെട്ടു. കഴിഞ്ഞയാഴ്ച ഇഖ്റയെ പാകിസ്താനിലേക്ക് തിരിച്ചുവിട്ടു. യാദവ് ഇപ്പോഴും ജയിലില്‍ തന്നെ കഴിയുകയാണ്.
അതേസമയം ഇരുവരുടേയും വിഷയം യാദവിന്റെ ജന്മനാടായ ഉത്തര്‍പ്രദേശില്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. രണ്ടുപേരുടേയും വിഷയം ചെറിയ പ്രണയം മാത്രമാണെന്നും അവരെ വീട്ടില്‍ തിരിച്ചു കൊണ്ടുവരണമെന്നതാണ് തങ്ങളുടെ ആഗ്രഹമെന്നുമാണ് വീട്ടുകാര്‍ പറയുന്നത്. ജീവാനി പാകിസ്താന്കാരിയാണെങ്കിലും തങ്ങളുടെ മരുമകളാണെന്നും രണ്ടുപേരെയും ഒന്നിപ്പിക്കാന്‍ ഇരുരാജ്യങ്ങളും തയ്യാറാകണമെന്നുമാണ് യാദവിന്റെ മാതാവ് പറയുന്നത്.
രണ്ടുപേരുടേയും പ്രണയകഥ തുടങ്ങുന്നത് കോവിഡിനെ തുടര്‍ന്നുള്ള 2020 ലെ ലോക്ഡൗണ്‍ കാലത്താണ്. യാദവ് ഈ സമയത്ത് ബംഗലുരുവിലെ ഒരു ഐടി കമ്പനിയില്‍ സെക്യൂരിറ്റി ആയിരുന്നു. പാകിസ്താനിലെ ഹൈദരാബാദ് നഗരത്തില്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ജീവാനി. ഓണ്‍ലൈനില്‍ കണ്ട് ഇരുവരും വിദൂരതയില്‍ ഇരുന്നുള്ള പ്രണയം തുടങ്ങി. ഇതിനിടയില്‍ സ്വന്തം വീട്ടില്‍ നിന്നും ജീവാനിക്ക് വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ആരംഭിച്ചു.
ഇതേതുടര്‍ന്ന് യാദവിന്റെ നിര്‍ദേശപ്രകാരം പാകിസ്താനില്‍ നിന്നും ദുബായ് വഴി ഇവര്‍ നേപ്പാളില്‍ എത്തി യാദവുമായി ആദ്യമായി കൂടിക്കാഴ്ച നടത്തി. ഇവിടെ ഒരു ക്ഷേത്രത്തില്‍ ഇരുവരും വിവാഹിതരായെന്നാണ് പോലീസ് പറയുന്നത്. പിന്നീട് ഇന്ത്യയിലേക്ക് വന്നു. ഇന്ത്യയില്‍ താമസിക്കാനുള്ള രേഖകളൊന്നും ജീവാനിയുടെ കൈവശം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് യാദവ് ഇവര്‍ക്ക് ഒരു വ്യാജ ആധാര്‍കാര്‍ഡ് സൃഷ്ടിച്ചുകൊടുത്തു. യാദവ് ജോലിക്ക് പോകുമ്പോള്‍ ജീവാനി വീട്ടിലിരിക്കും.
എന്നാല്‍ ജീവാനി പതിവായി വാട്സാപ്പ് വഴി പാകിസ്താനിലുള്ള തന്റെ മാതാവുമായി സംസാരിക്കുമായിരുന്നു. ഇതാണ് ഇവരിലേക്ക് പോലീസിനെ എത്തിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ബംഗലുരുവില്‍ എയറോ ഇന്ത്യ എയര്‍ ഷോയും ജി20 ധനമന്ത്രിമാരുടെ യോഗവുമെല്ലാം ചേരുന്നതിനാല്‍ സുരക്ഷയുടെ ഭാഗമായുള്ള തെരച്ചിലില്‍ ജനുവരി 20 ന് ജീവാനി കുടുങ്ങുകയും മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ ഫോറിനേഴ്സ് റീജിയണന് റജിസ്ട്രേഷന് ഓഫീസിലേക്ക് കൈമാറുകയും ചെയ്തു. തുടര്‍ന്ന് ഫെബ്രുവരിയില്‍ ഇവരെ പാകിസ്താനിലേക്ക് തിരിച്ചയച്ചു.