
മുംബൈ : മുംബൈയില്‍ നടന്ന ലേലത്തില്‍ രാജാ രവിവര്‍മ്മയുടെ 'യശോദയും കൃഷ്ണനും' എന്ന പെയിന്റിങ്ങ് വിറ്റ്പോയത് 38 കോടി രൂപയ്ക്ക്. റെക്കോഡ് തുകയാണ് ലഭിച്ചത് . മുംബൈയിലെ പുണ്ടോള്‍ ഗാലറിയില്‍ വ്യാഴാഴ്ചനടന്ന ഓണ്‍ലൈന്‍ ലേലത്തിലാണ് ചിത്രം വിറ്റ് പോയത് .
എണ്ണച്ചായയില് തീര്‍ത്ത യശോദയുടെ മടിയില്‍ ഉണ്ണിക്കണ്ണന് ഇരിക്കുന്ന ചിത്രമാണ് യശോദയും കൃഷ്ണനും. ശില്പങ്ങളും ചിത്രങ്ങളുമടക്കം 83 കലാസൃഷ്ടികളാണ് ലേലത്തില്‍വെച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ തുകലഭിച്ചത് രവിവര്‍മ്മയുടെ ഈ ചിത്രത്തിനായിരുന്നു. 10 മുതല്‍ 15 കോടി രൂപവരെയാണ് ചിത്രത്തിന് വില നിശ്ചയിച്ചിരുന്നു.
മൂന്ന് ചിത്രങ്ങളും ഒരു രേഖാചിത്രവുമായിരുന്നു ലേലത്തിലുണ്ടായിരുന്നത്. രവിവര്‍മ്മയുടെ മൂന്ന് പെയിന്റിങ്ങുകളും ജര്‍മ്മന്‍ക്കാരനായ ഫ്രിറ്റ്സ് ഷ്ളിച്ചര്‍ കൂടുമ്പത്തിന്റെ കൈവശമായിരുന്നു. രേഖാചിത്രം രവിവര്‍മ്മാ കുടുംബത്തിന്റെ ശേഖരത്തിലുള്ളതാണ് .
മറ്റുരണ്ട് പെയിന്റിങ്ങുകളായ 'ശിവഭഗവാനും കുടുംബവും' 16 കോടിക്കും 'കംസവധം, കൃഷ്ണന്റെ യുവത്വം' എന്നീ ചിത്രങ്ങള്‍ ചേര്‍ന്നുള്ള പെയിന്റിങ് നാലുകോടി രൂപയ്ക്കുമാണ് വിറ്റുപോയത്. 2.6 കോടിയായിരുന്നു രാവണന് ജഡായുവിനെ നേരിടുന്ന പെയിന്റിങ്ങിന് ലഭിച്ചത് .
മുംബൈയ്യില്‍ രവിവര്‍മ്മ ആരംഭിച്ച പ്രസ്സ് നടത്താനായി ജര്മനിയില്നിന്നുവന്ന ആളാണ് ഫ്രിറ്റ്സ് ഷ്ളിച്ചര്‍. പിന്നീട് ലോണാവാലിയിലേക്ക് മാറ്റലസ്ഥാപിച്ച പ്രസ്സ് രവിവര്‍മ്മ അദ്ദേഹത്തിന് വില്‍ക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം അവിടുണ്ടായിരുന്ന രവിവര്‍മ്മയുടെ ചിത്രങ്ങളും സ്വന്തമാക്കിയിരുന്നു. അതില്‍നിന്നാണ് മൂന്നെണ്ണം ഇപ്പോള്‍ ലേലത്തില്‍ വിറ്റത്. നേരത്തേയും പുണ്ടോള്‍ ഗാലറി രവിവര്‍മ ചിത്രങ്ങള്‍ ലേലത്തില്‍ വിറ്റിരുന്നെങ്കിലും ഇത്രയുംവലിയ തുക ഇതാദ്യമായാണ് ലഭിക്കുന്നത്.






