
കൊച്ചി: സാധാരണ എഴുന്നള്ളത്തിനായി ക്ഷേത്രങ്ങളില്‍ ആനയെ ഉപയോഗിക്കുന്നത് പതിവാണ്. എന്നാല്‍ സംസ്ഥാനത്തെ കാലാവസ്ഥയില്‍ ഉണ്ടായ മാറ്റവും ചൂടു കൂടുതലും നാട്ടാനകളെ അസ്വസ്ഥരാക്കുകയാണ്. ഉത്സവപറമ്പുകളില്‍ ആനകള്‍ ഇടയുന്ന വാര്‍ത്തകള്‍ സ്ഥിരമാവുകയാണ്. ഈ സാഹചര്യത്തിലാണ് വ്യത്യസ്ഥ തീരുമാനവുമായി തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് രംഗത്തെത്തിയത്.
ക്ഷേത്രത്തില്‍ ആനകള്‍ക്ക് പകരം എഴുന്നള്ളത്തിന് പല്ലക്ക് ഉപയോഗിക്കാനാണ് തീരുമാനം. തേക്ക് മരത്തില്‍ തീര്‍ത്ത പല്ലക്ക് ഇതിനായി ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. ഈ മാസം 23ന് ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു. അത്താഴ പൂജയ്ക്ക് ശേഷമുള്ള വിളക്ക് എഴുന്നള്ളത്തിന് സാധാരണ ആനകളെയാണ് ഉപയോഗിക്കാറ്. എന്നാല്‍ ഇനിമുതല്‍ പല്ലക്കാവും ഉപയോഗിക്കുക. ക്ഷേത്ര ട്രസ്റ്റ് അംഗവും ദാരുശിലാ കലയില്‍ വിദഗ്ദനുമായ പിആര്‍ ഷാജികുമാര്‍ വഴിപാടായാണ് പല്ലക്ക് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത്.
ഉത്സവത്തിന്റെ പ്രൗഡിയും ആഹ്ളാദവും ഇല്ലാതാക്കുകയാണ് പലപ്പോഴും ഉത്സവപറമ്പിലെ ആനഇടയലുകള്. ആനകള്‍ അപകടകാരികള്‍ ആകുന്നത് കണക്കിലെടുത്താണ് ഇറക്കി പൂജയ്ക്കും വിളക്കെഴുന്നള്ളിപ്പിനും ആനകളെ ഒഴിവാക്കാന്‍ ക്ഷേത്ര ഭരണസമിതി തീരുമാനിച്ചത്. നാളെ മുതല്‍ അലങ്കരിച്ച രഥമാവും ഉപയോഗിക്കുക.






