
പട്ന: 2020ല്‍ ഗാല്‍വാനില്‍ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യൂ വരിച്ച സൈനികന്റെ പിതാവിന് ബിഹാര്‍ പോലീസിന്റെ ക്രൂര മര്‍ദ്ദനവും അറസ്റ്റും. മകന് സ്മാരകം നിര്‍മ്മിച്ച ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. പിതാവിന്റെ അറസ്റ്റ്് വൈശാലി ഗ്രാമത്തില്‍ വലിയ സംഘര്‍ഷാവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്.
വീരമൃത്യൂ വരിച്ച സൈനികന് ജയ് കിഷോറിന്റെ പിതാവ് രാജ് കപൂര്‍ സിംഗിനെയാണ് പോലീസ് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി മര്‍ദ്ദിച്ചത്. വലിച്ചിഴക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
രാജ് കപൂര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് ആരോപിച്ച് പ്രദേശവാസികളായ ദളിത് സമൂഹമാണ് പരാതി നല്‍കിയത്. ഇതിനെ ചൊല്ലിയുള്ള വഴക്കില്‍ രാജ് കപൂറിനെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്തിരുന്നു.
രാജ് കപൂരിന്റെ വീട്ടിലെത്തിയ പോലീസ് 15 ദിവസത്തിനകം ജയ് കിഷോറിന്റെ സ്മാരകം സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ രാത്രിയില്‍ വീട്ടിലെത്തിയ പോലീസ് പിതാവിനെ വലിച്ചിഴക്കുകയും മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് രാജ് കപൂരിന്റെ മറ്റൊരു മകനായ നന്ദ കിഷോര്‍ സിംഗ് പറഞ്ഞു.
ഒരു ഭീകരനോട് എന്നപോലെയാണ് പോലീസ് ആ രാത്രിയില്‍ പിതാവിനോട് പെരുമാറിയതെന്ന് നന്ദകിഷോര്‍ പറഞ്ഞു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ സ്മാരകത്തിനു മുന്നില്‍ പോലീസിനെതിരെ പ്രതിഷേധവും നടത്തി.
എന്നാല്‍ ആരോപണം നിഷേധിച്ച പോലീസ്, സൈനികന്റെ സ്മാരകം നിര്‍മ്മിക്കുന്നത് സമീപവാസിയുടെ പാടത്തേക്ക് നീളുന്നത് തടയുക മാത്രമാണ് ചെയ്തതെന്ന് പറയുന്നു. സര്‍ക്കാര്‍ ഭൂമി കയ്യേറി സ്മാരകം നിര്‍മ്മിക്കുകയും രാ്രതി ചുറ്റുമതില്‍ കെട്ടുകയും ചെയ്തു. അത് പൊളിച്ചുനീക്കാന്‍ പല തവണ രാജ് കപൂറിനോട് ആവശ്യപ്പെട്ടുവെന്നൂം പോലീസ് പറയുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് രാജ് കപൂരിന്റെ വീടിനു സമീപം മകന്റെ സ്മാരകം നിര്‍മ്മിച്ചത്. ഇതിന്റെ അനാച്ഛാദന ചടങ്ങില്‍ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് നിര്‍മ്മാണമെന്നും തന്റെ വസ്തുവിലേക്കുള്ള വഴി തടഞ്ഞുവെന്നും കാണിച്ച് അയല്‍വാസിയായ ഹരിനന്ദ റാം പോലീസില്‍ പരാതിപ്പെടുകയായിരുന്നു.






