
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 17% ശമ്പള വര്‍ധനവ് പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ദേശീയ പെന്ഷന് സ്കീം പിന്‍വലിക്കണമെന്നും ശമ്പളക്കമ്മീഷന് വര്‍ധനവ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചിരുന്നു. സമരം കാരണം സംസ്ഥാനത്തെ അനവധി അവശ്യസേവനങ്ങള്‍ മുടങ്ങിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അടിയന്തര പ്രഖ്യാപനം ഉണ്ടായത്.
ഇന്ന് മുതല്‍ കര്‍ണാടകത്തില്‍ അഞ്ച് ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചിരുന്നു. ശമ്പള വര്‍ധനയും ദേശീയ പെന്ഷന് സ്കീം പിന്‍വലിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി സംവിധാനങ്ങളുള്‍പ്പെടെ നിരവധി അവശ്യസേവനങ്ങള്‍ പണിമുടക്കിനെ തുടര്‍ന്ന് തടസപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സമരം പിന്‍വലിച്ചതായി ജീവനക്കാര്‍ അറിയിച്ചു.
ഏഴാം ശമ്പളക്കമ്മീഷന് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പുതിയ ശമ്പള സ്കെയില്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ഇടക്കാല ആശ്വാസമായാണ് ശമ്പളത്തില്‍ 17 ശതമാനത്തിന്റെ വര്‍ധനവ് വരുത്തിയിരിക്കുന്നത്്. പഴയ പെന്ഷന് പദ്ധതി പുനരാരംഭിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും ബൊമ്മൈ പറഞ്ഞു. രണ്ടു മാസത്തിനകം ഇതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






