
കൊച്ചി: സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ച കുറ്റവാളികള്‍ക്ക് എക്സിക്യൂട്ടീവ് പ്രൊബേഷനില്‍ അകാലവിടുതല്‍ തടയുന്ന സംസ്ഥാന ജയില്‍ചട്ടം, ഇന്ത്യ ഒപ്പുവച്ച രാജ്യാന്തര ഉടമ്പടിക്കു വിരുദ്ധമെന്നു സുപ്രീം കോടതിയില്‍ പരാതി.
2010 ലെ കേരള പ്രിസണുകളും സംശുദ്ധീകരണ സാന്മാര്ഗീകരണ സേവന (നിര്‍വഹണം) നിയമത്തിലും 2014 ല്‍ ഭേദഗതി ചെയ്ത ജയില്‍ ചട്ടത്തിലുമില്ലാത്ത നയമാണിതെന്നാണു തൃശൂര്‍ സ്വദേശിയായ തടവുകാരന്റെ പരാതി. ഇത്തരം തടവുകാര്‍ക്കു അകാലവിടുതല്‍ നല്‍കരുതെന്ന 2016 ലെ സര്‍ക്കാര്‍ നയമാണു തന്റെ മോചനത്തിനു തടസമെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഈ മാസം 14 നു ജയില്‍ചട്ടം ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്കി. കോടതി ഉത്തരവിലൂടെയല്ലാതെ, സര്‍ക്കാര്‍ ഉത്തരവുവഴി ഒരു വ്യക്തിയെ നല്ലനടപ്പില്‍ വിടുന്നതാണു എക്സിക്യൂട്ടീവ് പ്രൊബേഷന്‍.
സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ച കുറ്റവാളികളെമാത്രം ശിക്ഷാകാലം മുഴുവന്‍ ജയിലില്‍ കിടത്തുന്നതു വഴി അവരെ ശുദ്ധീകരിച്ചെടുക്കാനുള്ള അവസരം തടയപ്പെടുന്നുവെന്നു വിലയിരുത്തി ഇക്കാര്യത്തില്‍ അനുഭാവപൂര്‍വ നയം സ്വീകരിക്കാന്‍ സര്‍ക്കാരുകളോടു സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.
ഇന്ത്യ ഒപ്പുവച്ചിട്ടുള്ള യു.എന്‍. മനുഷ്യാവകാശ ഉടമ്പടിയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതി നിരീക്ഷണം. ഇതിന്റെ ലംഘനമാണു കേരളസര്‍ക്കാരിന്റെ നയമെന്നാണു ഹര്‍ജിക്കാരന്റെ വാദം.
എന്തുകൊണ്ടാണു ഈ നയം കൊണ്ടുവന്നതെന്നു ചട്ടത്തില്‍ പറയുന്നില്ല. ഈ നയത്തിന്റെ അടിസ്ഥാനത്തിലാണു ജയില്‍മോചനം വിലക്കുന്നത്. ഈ നയം എന്തടിസ്ഥാനത്തിലാണു രൂപവത്കരിച്ചതെന്ന് അറിയാനാണു പകര്‍പ്പു ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അതേസമയം, ജയില്ചട്ടത്തിന്റെ മലയാളം പകര്‍പ്പു മാത്രമാണു നിയമസഭ അംഗീകരിച്ചിട്ടുള്ളത്. എന്നാല്‍, മുന്നൂറു പേജിലധികമുള്ള ജയില്‍ചട്ടം ഇംഗ്ളീഷിലാക്കിവേണം സുപ്രീംകോടതില്‍ സമര്‍പ്പിക്കാന്‍. ചുരുങ്ങിയ സമയംകൊണ്ടു ഇതു തയാറാക്കി സമര്‍പ്പിക്കുന്നതു വെല്ലുവിളിയാണ്.
ജയില്‍ അധികൃതര്‍ ചട്ടം ഇംീഷിലാക്കിയിരുന്നു. എന്നാല്‍, നിയമസഭ പാസാകാത്ത പരിഭാഷയായതിനാല്, ആധികാരിക രേഖയായി കണക്കാന് കഴിയാത്ത സ്ഥിതിയാണെന്നു ആഭ്യന്തരവകുപ്പ് വൃത്തങ്ങള്‍ പറയുന്നു.




